India - 2024

ബോണക്കാട്‌ കുരിശുമലയിലേക്ക്‌ വിശ്വാസികള്‍ കുരിശുയാത്ര നടത്തും

സ്വന്തം ലേഖകന്‍ 04-01-2018 - Thursday

നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര രൂപതയുടെ തീര്‍ത്ഥാടന കേന്ദ്രമായ ബോണക്കാട്‌ കുരിശുമലയിലേക്ക്‌ വിശ്വാസികൾ വെളളിയാഴ്‌ച കുരിശുയാത്ര നടത്തും. രൂപതയിലെ 247 ദേവാലയങ്ങളിലെ വിശ്വാസികളുടെ പ്രാതിനിധ്യം ഉറപ്പിച്ച്‌ കൊണ്ടാണ്‌ നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ വിശ്വാസ സമൂഹം വെളളിയാഴ്‌ച കുരിശുമലയിൽ എത്തുന്നത്‌. രൂപതയിലെ കെ.എൽ.സി.എ, കെ.സി.വൈ.എം, കെ.എൽ.സി.ഡബ്ല്യൂ.എ തുടങ്ങീ ഭക്‌ത സംഘടനകള്‍ നേതൃത്വം നല്‍കും.

വിശ്വാസികളോട്‌ നിരന്തമായി സർക്കാരും വനം വകുപ്പും തുടരുന്ന നീതി നിഷേധത്തിനെതിരെയാണ്‌ കുരിശുയാത്രയെന്ന്‌ വികാരി ജനറൽ മോൺസിഞ്ഞോർ ജി. ക്രിസ്‌തുദാസ്‌ പറഞ്ഞു. കുരിശുമലയിൽ തകർക്കപെട്ട കുരിശിന്‌ സമീപത്ത്‌ കുരിശ്‌ പുന:സ്‌ഥാപിക്കുമെന്നും വികാരി ജനറൽ കൂട്ടിച്ചേര്‍ത്തു. കുരിശുയാത്രയ്ക്ക് നെടുമങ്ങാട്‌, കാട്ടാക്കട, നെയ്യാറ്റിന്‍കര റീജിയനുകളുടെ കോ- ഓഡിനേറ്റർമാരായ മോൺസിഞ്ഞോർ റൂഫസ്‌ പയസ്‌ലിൻ. മോൺസിഞ്ഞോർ.വി. പി. ജോസ്‌, മോൺസിഞ്ഞോർ. വിൻസെന്റ്‌ കെ. പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകും.

രൂപതയിലെ 11 ഫൊറോനകളിലെയും കെ.എൽ.സി.എ. പ്രസിഡന്റുമാർ അതാതു ഫൊറോനകളിലെ വിശ്വാസികളെ ക്രമീകരിക്കും. കുരിശുയാത്രയുടെ വിജയത്തിനായി കഴിഞ്ഞയാഴ്‌ച നെയ്യാറ്റിന്‍കര ബിഷപ്‌സ്‌ ഹൗസിൽ കൂടിയ യോഗത്തിൽ 101 അംഗ സമിതിക്ക്‌ രൂപം നല്‍കിയിരുന്നു. നേരത്തെ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ ചേമ്പറിൽ മതമേലധ്യക്ഷന്മാർ നടത്തിയ ചർച്ചയെ തുടർന്ന്‌ സ്‌ഥാപിച്ചിരുന്ന 10 അടി പൊക്കമുളള മരക്കുരിശ്‌ നവംബർ 27നു തകർക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരിന്നു. ആരാധനാ സ്വാതന്ത്രം നിഷേധിക്കുന്നതിനെതിരെയും കുരിശുമലയിലേക്കുളള പ്രവേശനം തടയുന്നതിനെതിരെയും നിരവധി പരാതികൾ പോലീസിനും വനം വകുപ്പിനുമെതിരെ നൽകിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ല.

ഈ സാഹചര്യത്തില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന്‌ സ്‌ഥാപിച്ച മരക്കുരിശ്‌ തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ വനം മന്ത്രി കെ.രാജുവിന്റെ ഔദ്യോഗിക വസതിയിലേക്ക്‌ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍ കഴിഞ്ഞ ആഴ്ച നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തിവീശിയിരിന്നു. ഇക്കാര്യം കണക്കിലെടുത്ത് ആയിരങ്ങൾ പങ്കെടുക്കുന്ന കുരിശുയാത്ര പോലീസും വനംവകുപ്പും തടഞ്ഞ്‌ പ്രകോപനം സൃഷ്‌ടിക്കരുതെന്ന്‌ കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ്‌ ഡി. രാജു ആവശ്യപ്പെട്ടു.


Related Articles »