India - 2024

ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനവും മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണവും ഞായറാഴ്ച

സ്വന്തം ലേഖകന്‍ 05-01-2018 - Friday

ഹൈദരാബാദ്: സീറോ മലബാര്‍ സഭയ്ക്കായി വത്തിക്കാന്‍ പുതുതായി അനുവദിച്ച ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനത്തിനും പ്രഥമ മെത്രാനായ മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വികാരി ജനറാള്‍ ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കലിന്റെ നേതൃത്വത്തില്‍ നൂറോളം അംഗങ്ങളുള്ള വിപുലമായ ഒരു കമ്മിറ്റിയാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതിനു തുടങ്ങുന്ന തിരുക്കര്‍മങ്ങള്‍ക്കും തുടര്‍ന്നുള്ള പൊതുയോഗത്തിനുമായി ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും നഗരത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും സുഗമമായി എത്തിച്ചേരാവുന്ന വിധത്തില്‍ ബാലാപൂരിലെ സികെആര്‍ ആന്‍ഡ് കെടിആര്‍ കണ്‍വെന്‍ഷന്‍ ഹാളിലാണ് വേദി ഒരുക്കിയിരിക്കുന്നത്.

സ്ഥാനാരോഹണ ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനമധ്യേ സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നല്കും.വത്തിക്കാനിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള പ്രത്യേക സമിതിയുടെ സെക്രട്ടറി ഡോ. സിറില്‍ വാസിലും ഹൈദരാബാദ് ആര്‍ച്ച് ബിഷപ് ഡോ. തുമ്മാ ബാലയും പങ്കെടുക്കും.

തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിനു പുറമെ തെലുങ്കാന മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളും പുതിയ രൂപതയ്ക്കും അധ്യക്ഷനും ആശംസകളര്‍പ്പിച്ചു പ്രസംഗിക്കും. ഭാരതത്തിനകത്തും പുറത്തും നിന്നായി 60 മെത്രാന്മാര്‍ക്കും റോമില്‍നിന്നുള്ള പ്രത്യേക പ്രതിനിധികള്‍ക്കും പുറമെ നിരവധി രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് രാജ്യമെമ്പാടുംനിന്നായി ആയിരക്കണക്കിനു വിശ്വാസികള്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.


Related Articles »