India - 2024

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി നാളെ ആരംഭിക്കും

സ്വന്തം ലേഖകന്‍ 12-01-2018 - Friday

തിരുവനന്തപുരം: കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലി നാളെ ആരംഭിക്കും. രാവിലെ 10.30ന് തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം അധ്യക്ഷനായിരിക്കും. 'അടിസ്ഥാന ക്രൈസ്തവ സമൂഹം സാമൂഹ്യമുന്നേറ്റത്തിന്റെ ശക്തിശ്രേണി' എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ വിഷയം.

കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, സെക്രട്ടറിമാരായ ആന്റണി ആല്‍ബര്‍ട്ട്, സ്മിത ബിജോയ്, ട്രഷറര്‍ ആന്റണി നൊറോണ എന്നിവര്‍ പ്രസംഗിക്കും. ആലപ്പുഴ രൂപതയുടെ നിയുക്ത സഹായമെത്രാന്‍ ഡോ. ജയിംസ് ആനാപറമ്പിലിനെ സമ്മേളനം അനുമോദിക്കും. വല്ലാര്‍പാടം മിഷന്‍ കോണ്‍ഗ്രസ് രൂപം കൊടുത്ത ദശവത്സരപദ്ധതി കുടുംബയൂണിറ്റ്തലം മുതല്‍ സഭയില്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്യും.

ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് ഓഖി ദുരന്ത ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം വൈകിട്ട് 3.30ന് കാര്‍മല്‍ ഗേള്‍സ് എച്ച്എസ്എസ്ല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം നിര്‍വഹിക്കും. 14ന് കെആര്‍എല്‍സിസി അംഗങ്ങള്‍ ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. അതോടൊപ്പം തിരുവനന്തപുരം അതിരൂപതയിലെ തെരഞ്ഞെടുത്ത 11 ഇടവകകളില്‍ രാവിലെ വിവിധ രൂപതാധ്യക്ഷന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും.

ഓഖി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കുവേണ്ടിയുള്ള ഗാനാഞ്ജലിയും അനുസ്മരണസമ്മേളനവും വൈകിട്ട് 3.30ന് വെള്ളയമ്പലം ലിറ്റില്‍ ഫ്‌ളവര്‍ പാരിഷ് ഹാളില്‍ നടക്കും. ഗാനാഞ്ജലിക്ക് തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് നേതൃത്വം നല്കും. തുടര്‍ന്നു നടക്കുന്ന അനുസ്മരണസമ്മേളനം സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം അധ്യക്ഷനായിരിക്കും. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. സാമൂഹ്യരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും.


Related Articles »