News - 2024

ലാറ്റിന്‍ അമേരിക്കയിലെ ക്രൈസ്തവ അടിച്ചമര്‍ത്തല്‍ തടയാന്‍ യു‌എസ് ആഭ്യന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എ.ഡി.എഫ് ഇന്റര്‍നാഷ്ണല്‍

പ്രവാചകശബ്ദം 07-11-2022 - Monday

കോസ്റ്ററിക്ക: ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ പ്രത്യേകിച്ച് മെക്സിക്കോയിലെയും, നിക്കാരാഗ്വേയിലെയും മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ക്രിസ്ത്യന്‍ സംഘടനയായ ‘അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം ഇന്റര്‍നാഷണണല്‍’ (എ.ഡി.എഫ്) അമേരിക്കന്‍ സംസ്ഥാനങ്ങളുടെ സ്വയംഭരണ വിഭാഗമായ ഇന്റര്‍-അമേരിക്കന്‍ മനുഷ്യാവകാശ കമ്മീഷനോട് (ഐ.എ.സി.എച്ച്.ആര്‍) ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-ന് കോസ്റ്ററിക്കയില്‍വെച്ച് നടന്ന ഹിയറിംഗിനിടയില്‍ എ.ഡി.എഫ് ഇന്റര്‍നാഷ്ണലിന്റെ ലാറ്റിന്‍ അമേരിക്കന്‍ അഡ്വക്കസി ഡയറക്ടറായ തോമസ്‌ ഹെന്‍റിക്കസാണ് ഈ ആവശ്യമുന്നയിച്ചത്. നിക്കാരാഗ്വേ, മെക്സിക്കോ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട ഹെന്‍റിക്കസ്, ലാറ്റിന്‍ അമേരിക്കയിലെ മതസ്വാതന്ത്ര്യ ധ്വംസനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നും, ഇത് വിശ്വാസികള്‍ക്ക് മാത്രമല്ല ജനാധിപത്യത്തിന്റെ ഭാവിയ്ക്കും നല്ലതല്ലെന്നും ചൂണ്ടിക്കാട്ടി.

നിക്കാരാഗ്വേയിലെ കത്തോലിക്ക സമൂഹം അനുഭവിക്കുന്ന അടിച്ചമര്‍ത്തലിന് ഉടന്‍ പരിഹാരം കാണണമെന്ന് ഹെന്‍റിക്കസ് പറഞ്ഞു. ഓഗസ്റ്റ് 19-ന് നിക്കാരാഗ്വേയിലെ മതഗല്‍പ്പ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോളണ്ടോ അല്‍വാരെസിനെ നാഷ്ണല്‍ പോലീസ് അറസ്റ്റ് ചെയ്യുകയും വീട്ടു തടങ്കലിലാക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയ ഹെന്‍റിക്കസ്, മെത്രാനൊപ്പം വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളേയും, അറസ്റ്റ് ചെയ്ത് കുപ്രസിദ്ധമായ എല്‍ ചിപോട്ടേ ജയിലില്‍ അടച്ചിരിക്കുകയാണെന്നും പറഞ്ഞു. സിയുന രൂപതയില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ഫാ. ഓസ്കാര്‍ ബെനാവിടെസ് എന്ന വൈദികനും ഈ ജയിലിലുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ നിക്കരാഗ്വേയിലെ അപ്പസ്തോലിക പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മാര്‍ടാഗിനേയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കന്യാസ്ത്രീകളെയും നിക്കരാഗ്വെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം നാട് കടത്തിയിരുന്നു. സെപ്റ്റംബറില്‍ ക്രോസ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് സന്യാസിനികളും നാടുകടത്തപ്പെട്ടു.

തന്നെ കൊലപ്പെടുത്തുവാന്‍ ഉത്തരവിടുമെന്നറിഞ്ഞ മനാഗ്വേയിലെ സഹായ മെത്രാന്‍ സില്‍വിയോ ബയേസ് പ്രവാസ ജീവിതം നയിക്കുകയാണ്. നിക്കരാഗ്വേയിലെ നിരവധി കത്തോലിക്കാ റേഡിയോ സ്റ്റേഷനുകള്‍ ഇതിനോടകം അടച്ചു പൂട്ടപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെക്സിക്കോയിലെ കത്തോലിക്ക സഭ നേരിട്ടുകൊണ്ടിരിക്കുന്ന അവഹേളനങ്ങളെ കുറിച്ചും ഹെന്‍റിക്കസ് പരാമര്‍ശിക്കുകയുണ്ടായി. ഒരു നൂറ്റാണ്ടിലേറെയായി അവിടത്തെ വൈദികര്‍ക്ക് രാഷ്ട്രീയം പരസ്യമായി പറയുവാന്‍ അനുവാദമില്ല. കര്‍ദ്ദിനാളുമാരായ ജുവാന്‍ സാന്‍ഡോവല്‍, കാര്‍ലോസ് അഗ്വിയാര്‍, വൈദികരായ ഫാ. ഏഞ്ചല്‍ എസ്പിനോസ, ഫാ. മാരിയോ ഏഞ്ചല്‍ ഫ്ലോറസ് എന്നിവരുടെ മേല്‍ വിവിധ കുറ്റങ്ങള്‍ ചുമത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കണമെന്നും, മെക്സിക്കോ, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍, കോസ്റ്ററിക്ക തുടങ്ങിയ രാജ്യങ്ങളിലെയും ഭരണഘടനകളില്‍ ഉറപ്പ് നല്‍കിയിരിക്കുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ഹെന്‍റിക്കസ് ആവശ്യപ്പെട്ടു.


Related Articles »