News

ആശ്രമ സന്യാസ ജീവിതത്തിന്റെ അനുഭവം പ്രേക്ഷകര്‍ക്ക് പകരാന്‍ 'ലിബ്രെസ്' ലാറ്റിന്‍ അമേരിക്കയില്‍ റിലീസിന്

പ്രവാചകശബ്ദം 13-08-2023 - Sunday

മാഡ്രിഡ്: ക്രിസ്ത്യന്‍ ആശ്രമ സന്യാസ ജീവിതത്തിലൂടെ പ്രസിദ്ധമായ സ്പെയിനിലെ പന്ത്രണ്ടോളം ആശ്രമങ്ങളിലെ ആത്മീയ ജീവിതത്തേക്കുറിച്ച് പറയുന്ന ‘ലിബ്രെസ്’ ഡോക്യുമെന്ററി സിനിമയുടെ റിലീസിംഗ് തിയതികള്‍ പ്രഖ്യാപിച്ചു. നിക്കരാഗ്വേ, പെറു, ഉറുഗ്വേ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളിലെ റിലീസിംഗ് തിയതികളാണ് നിര്‍മ്മാതാക്കളായ ബോസ്കോ ഫിലിംസും, വേരിയോ പിന്റോ പ്രൊഡൂസിയോനെസും പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി മെക്സിക്കോയിലെ സിനെമെക്സ് തിയേറ്ററുകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചു വരികയാണ്. ഓഗസ്റ്റ് 10-ന് പെറുവില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 17-ന് ഇക്വഡോറിലും, ഓഗസ്റ്റ് 17-ന് തന്നെ നിക്കരാഗ്വേയിലും, ഓഗസ്റ്റ് 22-നും, 29-നും ഉറുഗ്വേയിലും ലിബ്രെസ് പ്രദര്‍ശനത്തിനെത്തും. ഏതാണ്ട് എഴുനൂറിലധികം സന്യാസ മഠങ്ങളാണ് സ്പെയിനിലുള്ളത്. പന്ത്രണ്ടോളം ആശ്രമങ്ങളിലെ ധ്യാനാത്മക ജീവിതത്തെ ആത്മീയ വീക്ഷണ കോണില്‍ നിന്നുകൊണ്ട് വരച്ചുകാട്ടുകയാണ് സിനിമ. ആശ്രമങ്ങളിലെ ജീവിതം എപ്രകാരമാണ് എന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ സിനിമ.

സ്പെയിനില്‍ വളരെ വിജയകരമായി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ സിനിമ തിയേറ്ററുകളില്‍ 14 ആഴ്ചകള്‍ പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ സ്പെയിനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട 6 ഡോക്യുമെന്ററികളിലൊന്നാണ് ഇത്. സ്പാനിഷ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ ഏഴോളം നഗരങ്ങളിലും ഈ സിനിമ റിലീസ് ചെയ്തിരുന്നു. ജാവിയര്‍ ലോറന്‍സോ തിരക്കഥ രചിച്ചിരിക്കുന്ന സിനിമ സാന്റോസ് ബ്ലാങ്കോയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ലൂസിയ ഗോണ്‍സാലസ്-ബറാണ്ടിയാരനാണ് എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസര്‍.


Related Articles »