News - 2025

ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നും പലായനം ചെയ്യുന്നു

സ്വന്തം ലേഖകന്‍ 22-01-2018 - Monday

ലാഹോര്‍: മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇസ്ലാമിക സംഘടനകളുടെ അക്രമങ്ങളില്‍ പാക്കിസ്ഥാന്‍ ഭരണകൂടം നിസ്സംഗത പാലിക്കുന്ന സാഹചര്യത്തില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളുമുള്‍പ്പെടുന്ന ആയിരകണക്കിന് ആളുകള്‍ ജീവരക്ഷാര്‍ത്ഥം പാക്കിസ്ഥാനില്‍ നിന്നും പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഏഷ്യ ടൈംസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ബ്രെറ്റ്ബാര്‍ട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മതപീഡനം നടക്കുന്ന രാജ്യങ്ങളുടെ അമേരിക്കന്‍ പട്ടികയായ വാച്ച് ലിസ്റ്റിൽ പാക്കിസ്ഥാനെ യു‌എസ് പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിന്നു. യു.എസ് വാച്ച് ലിസ്റ്റ് പുറത്തായി അധികം താമസിയാതെയാണ് പാക്കിസ്ഥാനില്‍ നിന്നും കടുത്ത മതപീഡനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.

രാജ്യം കടുത്ത മതമൗലീകവാദികളുടെ കൈകളില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുകയാണെന്നും, ക്രമേണ മതസ്വാതന്ത്ര്യം പൂര്‍ണ്ണമായും തുടച്ചുനീക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്റെ സെക്രട്ടറി ജെനറലായ ഇബ്ന്‍ അബ്ദുര്‍ റഹ്മാന്‍ വെളിപ്പെടുത്തി. അതേസമയം ഇസ്ളാമിക തീവ്രവാദികള്‍ക്ക് ഇസ്ലാമാബാദ്‌ അഭയം നല്‍കുന്നുവെന്ന കടുത്ത ആരോപണവും അമേരിക്കന്‍ കമാണ്ടര്‍-ഇന്‍-ചീഫ്‌ പാകിസ്ഥാനെതിരെ ഉന്നയിച്ചിട്ടുണ്ട്.

പാക്കിസ്ഥാനില്‍ നിലനില്‍ക്കുന്ന ‘മതനിന്ദാ നിയമം’ മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുവാന്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു. ആജീവനാന്ത തടവും,വധശിക്ഷയുമാണ് പാക്കിസ്ഥാനില്‍ മതനിന്ദക്ക് ശിക്ഷയായി നല്‍കിവരുന്നത്. കഴിഞ്ഞ വര്‍ഷം ഇസ്ലാമാബാദ് ഹൈക്കോടതിയിലെ ജഡ്‌ജി മതനിന്ദാ കുറ്റം ചുമത്തപ്പെട്ടവരെ ഭീകരവാദികളായിട്ടാണ് വിശേഷിപ്പിച്ചത്. പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ യുവതികള്‍ തട്ടികൊണ്ടു പോകലിനിരയാവുന്നുണ്ടെന്നും ഇസ്ലാം മതസ്ഥരെ വിവാഹം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

മോചനദ്രവ്യത്തിനായി ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോകുന്ന പതിവും പാകിസ്ഥാനിലുണ്ട്. രാജ്യത്തെ മറ്റ്‌ മതന്യൂനപക്ഷങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. മതപീഡനം കാരണം ഏതാണ്ട് 5,000-ത്തോളം ഹിന്ദുക്കളാണ് ഓരോ വര്‍ഷവും പാക്കിസ്ഥാന്‍ ഉപേക്ഷിക്കുന്നതെന്ന് രാജ്യത്തെ സെനറ്ററായ രമേഷ് കുമാര്‍ വെളിപ്പെടുത്തി. ഹിന്ദു മതമൗലീകവാദികളില്‍ നിന്നും കടുത്ത പീഡനമാണ് ഇന്ത്യ നേരിടുന്നതെന്നും ക്രിസ്ത്യാനികളുടെ ജീവിതം സുരക്ഷിതമല്ലാതായി തീര്‍ന്നിരിക്കുകയാണെന്നും ബ്രെറ്റ്ബാര്‍ട്ട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


Related Articles »