India - 2024

അരലക്ഷം ജപമാലകളുടെ ശേഖരവുമായി പറവൂർ സ്വദേശി റെക്കോർഡ് ബുക്കിൽ

സ്വന്തം ലേഖകന്‍ 27-01-2018 - Saturday

പറവൂർ: വൈവിധ്യമാർന്ന അരലക്ഷം ജപമാലകളുടെ ശേഖരവുമായി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കൊണ്ട് പറവൂർ സ്വദേശി. 50,865 ജപമാലയുടെ കളക്ഷനുമായി സാബു കെയ്റ്റർ എന്ന ഗോതുരുത്ത് സ്വദേശിയാണു റെക്കോര്‍ഡ് ഇട്ടത്. ഇറ്റലി, ഫ്രാൻസ്, ജറുസലേം, അമേരിക്ക, ബത്‌ലഹേം, ജർമനി, അയർലൻഡ്, ഡെൻമാർക്, ബ്രസീൽ തുടങ്ങി 83 രാജ്യങ്ങളിലെ ജപമാലകൾ സാബുവിന്റെ ശേഖരത്തിലുണ്ട്. കഴിഞ്ഞ വർഷം കുറിക്കപ്പെട്ട 900 ജപമാലകളുടെ റെക്കോർഡ് പഴങ്കഥയാക്കി കൊണ്ടാണ് അരലക്ഷം ജപമാലകളുടെ ശേഖരവുമായി ജനുവരി 10നു ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സാബു ഇടം നേടിയത്. തന്റെ 15–ാം വയസിലാണ് സാബു ജപമാല ശേഖരണം ആരംഭിച്ചത്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പമാരിൽനിന്ന് ഇദ്ദേഹത്തിനു ജപമാലകൾ ലഭിച്ചു. 11 ശ്ലീഹന്മാരുടെയും 256 വിശുദ്ധരുടെയും തിരുശേഷിപ്പുകൾ അടങ്ങിയ കൊന്തകളും 130 മെത്രാന്മാർ ആശീർവദിച്ച ജപമാലകളും അപൂർവ നിധികളാണ്. സ്വർണം, പവിഴം, വെള്ളി, ചെമ്പ്, മുത്ത്, തുളസി, ഒലിവുമരം, ചകിരിനാര്, രുദ്രാക്ഷം, രത്നം, ചന്ദനം തുടങ്ങിയവയിൽ തീർത്ത ജപമാലകളും സാബുവിന്റെ കൈകളില്‍ സുരക്ഷിതമാണ്. ശേഖരത്തിൽ അതിപുരാതനമായ 420 കൊന്തകളും ഉള്‍പ്പെടുന്നു. ക്രിസ്തുവിന്റെ മുഖം കല്ലിൽ കൊത്തിയുണ്ടാക്കിയ 200 വർഷത്തിലേറെ പഴക്കമുള്ള ജപമാലയാണ് സാബുവിന്റെ അമൂല്യനിധി.

മാതാവിന്റെ രൂപം ആലേഖനം ചെയ്ത പതിനൊന്നായിരത്തിൽപരം മെഡലുകൾ, പരിശുദ്ധ മറിയം ദർശനം നൽകിയ സ്ഥലങ്ങളിൽ നിന്നുള്ള എഴുന്നൂറോളം രൂപങ്ങൾ, പുരാതനമായ 480 കുരിശുകൾ എന്നിവകൂടി ഇടപ്പള്ളിയില്‍ താമസിക്കുന്ന സാബുവിന്റെ ശേഖരത്തിലുണ്ട്. ജപമാല വിപ്ലവത്തിന് പിന്തുണയുമായി ഭാര്യ ബെനീറ്റയും മകൻ അഖിലും സാബുവിന് ഒപ്പം ഉണ്ടെന്നത് ശ്രദ്ധേയമാണ്. കേരളത്തിനകത്തും പുറത്തുമായി 126 ജപമാല പ്രദർശനങ്ങളാണു സാബു ഇതിനോടകം നടത്തിയത്.


Related Articles »