India - 2024

മതത്തിന്റെ പേരിലുള്ള വിഭജനത്തെ വേദനയോടെ മാത്രമേ സഭയ്ക്കു കാണാന്‍ കഴിയൂ: കര്‍ദ്ദിനാള്‍ ക്ലീമിസ്

സ്വന്തം ലേഖകന്‍ 04-02-2018 - Sunday

ബംഗളൂരു: മതത്തിന്റെ പേരില്‍ വിഭജനങ്ങള്‍ നടക്കുന്നതും മതത്തിന്റെ പേരില്‍ ജനങ്ങള്‍ ഭിന്നിക്കുന്നതും വേദനയോടെ മാത്രമേ കാണാന്‍ സഭയ്ക്കു കഴിയൂവെന്ന്‍ സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. നന്മ ചെയ്യുന്നതില്‍, നന്മ കാണുന്നതില്‍, നന്മ പ്രോത്സാഹിപ്പിക്കുന്നതില്‍ സഭ ഏതുവിഭാഗം ജനങ്ങളോടു ചേര്‍ന്നു പോകുന്നതിനും സന്നദ്ധമാണ്. ദേശീയത അതിന്റെ നന്മയില്‍, അതിന്റെ പൂര്‍ണമായ സമഗ്ര അര്‍ഥത്തില്‍ സഭ താത്പര്യത്തോടെ കാണുന്നു. മതത്തില്‍ നിന്നുള്ള വിഭജനത്തില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നതിന്, പ്രവര്‍ത്തിക്കുന്നതിന് സഭ ഒരുക്കമാണെന്നും സമര്‍പ്പിതയാണെന്നും പൊതുസമൂഹത്തെക്കൂടി അറിയിക്കുന്നതിന് ഈ സന്ദര്‍ഭം ഉപയോഗിക്കുന്നുവെന്നും മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.

ഭാരതത്തിന്റെ സവിശേഷമായ പൈതൃക പാരമ്പര്യങ്ങളും ഇവിടുത്തെ ജീവിതസാഹചര്യങ്ങളും പശ്ചാത്തലങ്ങളും അതിന്റെ എല്ലാം മധ്യത്തില്‍ ഭാരതത്തിലെ കത്തോലിക്കാ സഭയ്ക്കു നിര്‍വഹിക്കാനുള്ള ശുശ്രൂഷയെക്കുറിച്ച് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ ഒരുമിച്ചു കൂടി പ്രാര്‍ഥനാപൂര്‍വം ആലോചിക്കുന്ന ദിനങ്ങളാണിത്. ഭാരതത്തിന്റെ പൈതൃകത്തിന്റെ സമ്പന്നതയും അതിന്റെ ശ്രേഷ്ഠതയും ഏറെ ബഹുമാനത്തോടെ കാണുകയും ഭാരതത്തിന്റെ ഇതുവരെയുള്ള വളര്‍ച്ചയില്‍ ഏറെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

യേശുക്രിസ്തുവിന്റെ തുടര്‍ച്ചയായ സഭ ഭാരതത്തില്‍ നിര്‍വഹിക്കേണ്ട സേവനങ്ങളെക്കുറിച്ചും ശുശ്രൂഷകളെക്കുറിച്ചും കൂടുതല്‍ ആഴത്തില്‍ പഠിക്കുകയും പ്രാര്‍ഥിക്കുകയും വിലയിരുത്തുകയും പുനര്‍സമര്‍പ്പണം നടത്തുന്നതിനായി ഒരുങ്ങുകയുമാണ് ലക്ഷ്യംവയ്ക്കുന്നത്. എല്ലായ്‌പ്പോഴും ഭാരതസമൂഹത്തിന്റെ ജാതിക്കും മതത്തിനും ഭാഷയ്ക്കും അതീതമായി നിലകൊണ്ടുള്ള സഭയുടെ സമര്‍പ്പണം ഈ പുതിയ കാലഘട്ടത്തിലും സന്തോഷപൂര്‍വം തുടരുന്നതിനും അതിന്റെ പുനര്‍സമര്‍പ്പണം നടത്തുന്നതിനുമാണ് ഈ ദ്വൈവാര്‍ഷിക സമ്മേളനം നടത്തുന്നത്. ഭാരതത്തിലുള്ള പാവപ്പെട്ട ജനതയോട് ഏറ്റവും ബന്ധം പുലര്‍ത്തിക്കൊണ്ട് ഒരു സുവിശേഷാത്മകമായ സമര്‍പ്പണം സഭ ആഹ്രിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.


Related Articles »