Events

വചനം മാംസമാകാൻ വീണ്ടും ബഥേൽ; അഭിഷേക നിറവിൽ നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ

ബാബു ജോസഫ് 09-02-2018 - Friday

ബർമിങ്ഹാം: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ്‌ ഡയറക്ടർ റവ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക വി. കുർബാന ഇത്തവണയും ഉണ്ടായിരിക്കും. മലങ്കര കത്തോലിക്കാസഭ യുകെ യുടെ ആത്മീയ നേതൃത്വവും പ്രമുഖ വാഗ്മിയുമായ റവ. ഫാ. അനിൽ തോമസ് മടുക്കുംമൂട്ടിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ മലങ്കര റീത്തിലുള്ള വി.കുർബാന നടക്കും.

ആത്മാഭിഷേക പ്രഘോഷണങ്ങളിലൂടെ ശക്തമായ ദൈവികാനുഭവം പകരുന്ന പ്രശസ്ത വചന പ്രഘോഷകൻ ഡോ .ജോൺ ഡി, പോളണ്ടിൽ നിന്നുമുള്ള ആത്മീയ പണ്ഡിതനും വിടുതൽ ശുശ്രൂഷകനുമായ റവ .ഫാ.പിയോട്ടർ പ്രിസ്കിയോവിക്സ് ‌ CSMS എന്നിവരും ഇത്തവണ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

രണ്ടാം ശനിയാഴ്ച്ച കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം.

കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് ഈ കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്ക് നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു.

കുട്ടികൾക്ക് നേരിന്റെ പാതയിൽ നേർവഴികാട്ടാൻ ഇത്തവണ " ഡിസ്കവർ ദ ഹൈവേ " എന്ന പ്രത്യേക പ്രോഗ്രാമുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പ് ടീൻസ് ഫോർ കിങ്‌ഡം ടീമും ഒരുങ്ങുകയാണ്. പ്രത്യേക സേക്രഡ് ഡ്രാമ , ലൈവ് മ്യൂസിക് എന്നിവയിലൂടെ മനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് കുമ്പസാരമെന്ന കൂദാശയുടെ അനുഭവത്തിലൂടെ നയിക്കപ്പെടുന്ന, അസാധ്യങ്ങൾ സാധ്യമായ അനുഭവ സാക്ഷ്യങ്ങൾ ഇടകലർന്ന, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ഉൾപ്പെടുന്ന, രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.

കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു . കുമ്പസാരത്തിനൊപ്പം സ്പിരിച്വൽ ഷെയറിങ്ങിനും കുട്ടികൾക്ക് സൗകര്യമുണ്ടായിരിക്കും. ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.പിയോട്ടർ പ്രിസകിയൊവിക്സ്‌, യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകനും വാഗ്മിയുമായ ജോൺ ഹെസ്കെത്ത് എന്നിവരും കുട്ടികൾക്കുള്ള വിവിധ ശുശ്രൂഷകൾ നയിക്കും. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.


Related Articles »