India - 2024

പ്രാര്‍ത്ഥനാമതിലുകള്‍ തകര്‍ന്നുവീണതാണ് സമൂഹത്തിന്റെ അപചയങ്ങളുടെ കാരണം: ജോസഫ് മാര്‍ ബര്‍ണബാസ്

സ്വന്തം ലേഖകന്‍ 13-02-2018 - Tuesday

മാരാമണ്‍: പ്രാര്‍ത്ഥനാമതിലുകള്‍ തകര്‍ന്നു വീണതാണ് സമൂഹത്തിലുണ്ടായ അപചയങ്ങളുടെ പ്രധാന കാരണമെന്ന്‍ മാര്‍ത്തോമ്മാ സഭാ തിരുവനന്തപുരം ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരാധനാനുഭവങ്ങളില്‍ നന്നു മാറി സ്വന്തം ബുദ്ധിയില്‍ ദൈവത്തെ മെനയുന്ന പ്രകൃതമാണ് വളര്‍ന്നുകൊണ്ടിരിക്കുന്നതെന്നും ദൈവഭയവും ദൈവബോധവും നഷ്ടമാകുമ്പോഴാണ് തലമുറ അപചയത്തിലേക്കു നീങ്ങുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബത്തിലേക്ക് മാറ്റപ്പെട്ടപ്പോള്‍ ബന്ധങ്ങള്‍ തകരാറിലായി. സെല്‍ഫിയുടെ യുഗത്തില്‍ മനുഷ്യന്‍ തന്നിലേക്കു മാത്രമായി ചുരുക്കപ്പെടുകയും ചെയ്യുന്നു. ഇതിലൂടെ നമ്മുടെ വീടുകള്‍ ഭ്രാന്താലയങ്ങളായി മാറുകയാണ്. മാനസികമായ കരുത്ത് യുവതലമുറയ്ക്കു നഷ്ടപ്പെട്ടു. പ്രാര്‍ത്ഥനാമതിലുകള്‍ തകര്‍ന്നുവീണതാണ് സമൂഹത്തിലുണ്ടായ അപചയങ്ങളുടെ പ്രധാന കാരണം. മുന്‌പൊക്കെ ആത്മീയ ആയുധമായി പ്രാര്‍ത്ഥനയെ കരുതിയിരുന്നു. എന്നാല്‍, സാമൂഹികമായ മാറ്റം കുടുംബാന്തരീക്ഷത്തെയും ബാധിച്ചു. ആര്‍ഭാടങ്ങളായി മാറിയ വിവാഹങ്ങള്‍ കൂദാശയാണെന്നതു പലരും മറക്കുന്നു. ആഘോഷങ്ങളിലൂടെ കൂട്ടിയോജിപ്പിക്കപ്പെടുന്ന ബന്ധങ്ങള്‍ക്ക് ആയുസ് കുറയുന്നു.

ഗര്‍ഭത്തിലായിരിക്കുമ്പോള്‍ മുതല്‍ ശിശുവിനു കരുതല്‍ ആവശ്യമാണ്. എന്നാല്‍, ഗര്‍ഭസ്ഥ ശിശു ഇന്ന് കേട്ടുവളരുന്നത് മാതാപിതാക്കളുടെ ശണ്ഠകൂടലാണ്. ജീവന്റെ മൂല്യങ്ങളെ ഗൗരവത്തിലെടുക്കാതെ ക്രിസ്തീയ പ്രമാണങ്ങള്‍ കാറ്റില്‍പ്പറത്തി. ദൈവത്തിന്റെ ദാനമായ ജീവനെ നശിപ്പിക്കാനും മടിയില്ല. രണ്ട് ലോകമഹായുദ്ധങ്ങളില്‍ നഷ്ടപ്പെട്ട ജീവനുകളേക്കാള്‍ അധികമാണ് ഭ്രൂണഹത്യയിലൂടെ നഷ്ടമായിരിക്കുന്നതെന്നും മാര്‍ ബര്‍ണബാസ് ആയിരങ്ങളെ ഓര്‍മ്മിപ്പിച്ചു.


Related Articles »