India - 2024

ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നു: ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത

സ്വന്തം ലേഖകന്‍ 19-02-2018 - Monday

മാരാമണ്‍: ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നുവെന്നു മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. 123ാമത് മാരാമണ്‍ കണ്‍വെന്‍ഷന്റെ അവസാന ദിനമായ ഇന്നലെ സമാപന സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ദൈവത്തില്‍ വിശ്വസിക്കുന്ന ഏവരിലും ദൈവിക പ്രതിച്ഛായ പ്രതിഫലിക്കണമെന്നും അപരനുവേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുന്നവര്‍ക്ക് ഇതു സാധ്യമാകുമെന്നും മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.

ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ക്രൈസ്തവ സമൂഹത്തിനും പിഴവുകളുണ്ടായിട്ടുണ്ട്. ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നു. ദീനാനുകന്പയും സഹോദര സ്‌നേഹവും പലപ്പോഴും നഷ്ടപ്പെടുത്തുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനു പോലും തടസം നില്‍ക്കുന്ന ദുഷ്പ്രവണതയ്‌ക്കെതിരെ പ്രതികരിച്ചേ മതിയാകൂ.ക്രൈസ്തവ ജനത ഒറ്റക്കെട്ടായി ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചതായും മെത്രാപ്പോലീത്ത പറഞ്ഞു.

സമാപന സമ്മേളനത്തില്‍ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ഡോ.രാജ്കുമാര്‍ രാമചന്ദ്രന്‍ മുഖ്യസന്ദേശം നല്‍കി. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, എപ്പിസ്‌കോപ്പമാരായ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ഡോ.ഐസക് മാര്‍ പീലക്‌സിനോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, മാത്യൂസ് മാര്‍ മക്കാറിയോസ്, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


Related Articles »