News

ലോക പ്രശസ്ത വചനപ്രഘോഷകന്‍ ബില്ലി ഗ്രഹാം വിടവാങ്ങി

സ്വന്തം ലേഖകന്‍ 21-02-2018 - Wednesday

വാഷിംഗ്ടണ്‍: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും തീക്ഷ്ണതയുള്ള വചന പ്രഘോഷകന്‍ എന്ന പേരില്‍ അറിയപ്പെട്ടിരിന്ന ബില്ലി ഗ്രഹാം അന്തരിച്ചു. 99 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ അവശതയിലായിരിന്ന അദ്ദേഹം നോര്‍ത്ത് കരോളിനയിലെ സ്വവസതിയിലാണ് അന്തരിച്ചത്. പലപ്പോഴായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ആത്മീയ ഉപദേശകനായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം സ്ഥാപിച്ച ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ ലോക സുവിശേഷവത്ക്കരണത്തിന് ശ്രദ്ധേയമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.

വാര്‍ദ്ധക്യത്തിലേക്ക് കടന്നതിന് ശേഷം മകന്‍ ഫ്രാങ്ക്‌ളിന്‍ ആയിരുന്നു ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ നോക്കി നടത്തിയിരുന്നത്. 1916 നവംബര്‍ 7 നായിരുന്നു ബില്ലിഗ്രഹാമിന്റെ ജനനം. പതിനഞ്ചാം വയസിൽ ഷാർലറ്റിലെ ഒരുധ്യാനത്തിൽ വെച്ചാണ് ബില്ലി തന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിച്ചത്. ബോബ് ജോൺസ്, ഫ്‌ലോറിഡ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനങ്ങളിലെ പഠനത്തിനുശേഷം 1939 ൽ സതേൺ ബാപ്റ്റിസ്റ്റ് മിനിസ്ട്രറായി അദ്ദേഹം സുവിശേഷരംഗത്തെത്തി.

2005 ല്‍ വിരമിക്കുന്നതുവരെ ആറ് പതിറ്റാണ്ട് ടെലിവിഷനിലൂടെ നടത്തിയ വചനപ്രഘോഷണം ലക്ഷക്കണക്കിനാളുകളുടെ ജീവിത പരിവര്‍ത്തനത്തിന് കാരണമായി. 185 രാജ്യങ്ങളിലായി 215 മില്യണ്‍ ജനങ്ങള്‍ ബില്ലിഗ്രഹാമിന്റെ പ്രസംഗം ശ്രവിച്ചിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. ക്രിസ്തുവിന്റെ സന്ദേശം അനേകരിലേക്ക് എത്തിച്ച ബില്ലി ഗ്രഹാം ഇന്ത്യയിലും നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മാരാമണ്‍ കണ്‍വെന്‍ഷന്റെ ഭാഗമായി അദ്ദേഹം കേരളവും സന്ദര്‍ശിച്ചിട്ടുണ്ട്.

ലോകത്തെ സ്വാധീനിച്ച വ്യക്തികളെ തിരഞ്ഞെടുക്കാൻ വേണ്ടിയുള്ള ‘ഗാലപ്പ് പോളി’ൽ 60 തവണ ആദ്യ 10 പേരിൽ ഇടം നേടിയ വ്യക്തിയായിരിന്നു അദ്ദേഹം. ബില്ലി ഗ്രഹാമിന്റെ മരണത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വേര്‍പാട് ക്രൈസ്തവര്‍ക്കും ഇതര മതസ്ഥര്‍ക്കും വലിയ നഷ്ട്ടമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.


Related Articles »