News

ക്രൂശിത ചിത്രം ബ്ളോക്ക് ചെയ്തതില്‍ ഫേസ്ബുക്ക് ക്ഷമാപണം നടത്തി

സ്വന്തം ലേഖകന്‍ 05-04-2018 - Thursday

ഒഹിയോ: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ക്രൂശിത ചിത്രം ബ്ലോക്ക് ചെയ്തതിൽ ഫേസ്ബുക്ക് അധികൃതര്‍ ക്ഷമാപണം നടത്തി. കഴിഞ്ഞ ദിവസം ഒഹിയോയിലെ സ്റ്റ്യൂബൻവില്ലയിലെ ഫ്രാൻസിസ്‌കൻ സർവ്വകലാശാല പോസ്റ്റ് ചെയ്ത ചിത്രം കൂടുതല്‍ ആളുകളിലേക്ക് എത്തുവാന്‍ സ്പോണ്‍സര്‍ ചെയ്തപ്പോള്‍ ഫേസ്ബുക്ക് അത് നിരസിക്കുകയായിരിന്നു. ചിത്രത്തിലെ കുരിശ് അക്രമകരവും പ്രക്ഷോഭകരവും ആണെന്നായിരിന്നു ഫേസ്ബുക്കിന്റെ ആരോപണം. സര്‍വ്വകലാശാലയുടെ ദൈവശാസ്ത്രം, വേദഭാഗം, സുവിശേഷവത്ക്കരണം എന്നീ വിഭാഗങ്ങളിലുള്ള മാസ്റ്റേഴ്‌സ് പ്രോഗ്രാമിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് പോസ്റ്റുകള്‍ സ്പോണ്‍സര്‍ ചെയ്തത്.

ഇതില്‍ 12ാം നൂറ്റാണ്ടിൽ വിശുദ്ധ ഫ്രാൻസിസ് അസീസി ഉപയോഗിച്ചുകൊണ്ടിരുന്ന ‘സാൻ ഡാമിനോ’ കുരിശിന്റെ ചിത്രമാണ് ഫേസ്ബുക്ക് തടഞ്ഞത്. തുടര്‍ന്നു മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഫേസ്ബുക്ക് അധികൃതര്‍ ഔദ്യോഗികമായി പ്രതികരിക്കുകയായിരിന്നു. ചിലസമയങ്ങളിൽ തങ്ങൾക്ക് തെറ്റു സംഭവിക്കാറുണ്ടെന്നും ഈ ചിത്രം തെറ്റ് സംഭവിച്ചതിൽ ക്ഷമചോദിക്കുന്നുവെന്നും ഫേസ്ബുക്ക് വക്താവ് പിന്നീട് അറിയിച്ചു. ക്രൈസ്തവ വിശ്വാസത്തോടു വിയോജിപ്പുള്ള ഏതെങ്കിലും ഒരു ഫേസ്ബുക്ക് ജീവനക്കാരന്റെ പ്രവർത്തിയായിരിക്കുമിതെന്ന്‍ ഫ്രാൻസിസ്‌കൻ സർവ്വകലാശാല വെബ്കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ടോം ക്രോവ് 'ഫോക്‌സ് ന്യൂസി'നോട് പറഞ്ഞു.


Related Articles »