News - 2025

ഫ്രാന്‍സിസ് പാപ്പ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കും

സ്വന്തം ലേഖകന്‍ 12-04-2018 - Thursday

വത്തിക്കാന്‍ സിറ്റി: റോമിന്‍റെ വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന 'ദൈവസ്നേഹത്തിന്‍റെ അമ്മ'യെന്ന അപരനാമത്തില്‍ പ്രസിദ്ധമായ പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള തീര്‍ത്ഥാടനകേന്ദ്രം ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. മെയ് മാസ വണക്കത്തിന്‍റെ ആരംഭ ദിനത്തില്‍ (മെയ് 1) സന്ദര്‍ശനം നടത്തുന്ന പാപ്പ വിശ്വാസികള്‍ക്കൊപ്പം ജപമാല പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു സന്ദേശം നല്കും. ആദ്യമായിട്ടാണ് ഫ്രാന്‍സിസ് പാപ്പ ഈ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്നത്.

പതിനേഴാം നൂറ്റാണ്ടിന്‍റെ മദ്ധ്യഘട്ടത്തില്‍ സ്ഥലത്തെ ആട്ടിടയന്മാര്‍ക്ക് കന്യകാനാഥ പ്രത്യക്ഷപ്പെട്ടതാണ് തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ വളര്‍ച്ചയ്ക്കു പിന്നിലെ ചരിത്രസംഭവമായി വിശേഷിപ്പിക്കുന്നത്. തകര്‍ന്നടിഞ്ഞ സവീലി-ഒര്‍സീനി പ്രഭുകുടുംബത്തിന്‍റെ കൊട്ടാരഭിത്തിയിലെ സ്വര്‍ഗ്ഗരാജ്ഞിയായ പരിശുദ്ധകന്യകാനാഥയുടെ ചുവര്‍ചിത്രമാണ് പിന്നീട് “ഡിവീനോ അമോരെ” ദൈവസ്നേഹത്തിന്‍റെ അമ്മയെന്ന മരിയന്‍ വണക്കത്തിന് ആധാരമായത്. കന്യകാനാഥയുടെ ദര്‍ശനസ്ഥാനത്ത് ആദ്യകാലഘട്ടത്തില്‍തന്നെ റോമാരൂപത 1745-ല്‍ ദേവാലയം നിര്‍മ്മിക്കുകയും അവിടെ വന്നെത്തിയ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ആത്മീയസഹായങ്ങള്‍ ചെയ്തുവരികയുമായിരിന്നു.

1999-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇന്നു കാണുന്ന സൗകര്യപ്രദമായ തീര്‍ത്ഥാടനകേന്ദ്രം ആശീര്‍വ്വദിച്ചത്. ഉണ്ണീശോയെ കൈയ്യിലേന്തി സിംഹാസനത്തില്‍ ഉപവിഷ്ടയായ കന്യകാനാഥയുടെ ശിരസ്സിനുമുകളില്‍ പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ പറന്നിറങ്ങുന്ന ചുവര്‍ചിത്രം ഇന്നും “ഡിവീനോ അമോരെ”യിലെ ശ്രദ്ധാകേന്ദ്രവും പ്രാര്‍ത്ഥനാസ്ഥാനവുമാണ്. 2006-ല്‍ എമിരിറ്റസ് ബെനഡിക്ട് പാപ്പയും ഈ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്.


Related Articles »