News - 2025

കത്തോലിക്ക പോസ്റ്റ് പിന്‍വലിച്ചതില്‍ പരസ്യ ക്ഷമാപണവുമായി സക്കര്‍ബര്‍ഗ്

സ്വന്തം ലേഖകന്‍ 12-04-2018 - Thursday

വാഷിംഗ്‌ടണ്‍ ഡിസി: കത്തോലിക്ക പോസ്റ്റ് പിന്‍വലിച്ചതില്‍ പരസ്യമായി മാപ്പ് പറഞ്ഞുകൊണ്ടു ഫേസ്ബുക്ക് സി‌ഇ‌ഓ മാര്‍ക്ക് സക്കര്‍ബര്‍ഗ്. കോടിക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ വിചാരണക്കിടയിലാണ് സക്കര്‍ബര്‍ഗ് ക്ഷമാപണം നടത്തിയത്. സ്റ്റ്യൂബന്‍വില്ലയിലെ ഫ്രാന്‍സിസ്കന്‍ യൂണിവേഴ്സിറ്റിയുടെ പരസ്യം ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ ചോദ്യങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഔദ്യോഗിക വിരാമമിട്ടുകൊണ്ടാണ് സക്കര്‍ബര്‍ഗിന്റെ ഏറ്റുപറച്ചില്‍.

ഹിയറിംഗിന്റെ രണ്ടാം ദിവസമായ ഇന്നലെ വാഷിംഗ്‌ടണ്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് വനിതയായ കാത്തി മക്മോറിസ് റോഡ്‌ജേഴ്സിന്റെ ചോദ്യത്തിനുത്തരമായി ക്ഷമാപണം നടത്തിക്കൊണ്ട് “തെറ്റ് പറ്റി” എന്നാണ് സക്കര്‍ബര്‍ഗ് പറഞ്ഞത്. ഇതാദ്യമായല്ല ഫേസ്ബുക്ക് കത്തോലിക്ക പേജുകള്‍ ബ്ലോക്ക് ചെയ്യുന്നത്. സമൂഹത്തിനു സുരക്ഷിതമല്ലെന്ന കാരണം പറഞ്ഞുകൊണ്ട് ഏതാണ്ട് രണ്ട് ഡസനിലധികം കത്തോലിക്കാ പേജുകള്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് ആര്‍-ടെക്സാസിലെ സെനറ്ററായ ടെഡ് ക്രൂസ് ചൂണ്ടിക്കാട്ടി. പ്ലാന്‍ഡ് പാരന്‍റ്ഹുഡ് പരസ്യവും, ‘മൂവ്ഓണ്‍.ഓര്‍ഗ്’-ന്റെ പരസ്യവും നിങ്ങള്‍ ഇപ്രകാരം നീക്കുമോ എന്ന ചോദ്യവും ക്രൂസ് ഉന്നയിച്ചു.

കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇംഗ്ലീഷിലും, പോര്‍ച്ചുഗീസിലുമായി ഏതാണ്ട് 25-ഓളം കത്തോലിക്ക പേജുകളാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. ഇതില്‍ പിന്നീട് ഫേസ്ബുക്ക് ക്ഷമാപണം നടത്തിയിരുന്നു. പരസ്യങ്ങളും ചര്‍ച്ചകളും നിരീക്ഷിക്കുന്നതില്‍ ഫേസ്ബുക്ക് പിന്തുടര്‍ന്നുവരുന്ന നയത്തെ നിരവധി അംഗങ്ങളാണ് ചോദ്യം ചെയ്തത്. ‘കേംബ്രിഡ്ജ് അനലിറ്റിക്ക’ അടക്കമുള്ള സ്ഥാപനങ്ങള്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിനും സക്കര്‍ബര്‍ഗ് ക്ഷമാപണം നടത്തി.


Related Articles »