News - 2025
പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വെടിവെയ്പ്പ്; 2 മരണം, 8 പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകന്‍ 16-04-2018 - Monday
ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റായില്‍ ക്രൈസ്തവര്‍ക്ക് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് വിശ്വാസികള്‍ കൊല്ലപ്പെട്ടു. ഇന്നലെ നടന്ന ആക്രമണത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പാക്കിസ്ഥാനില്‍ നിത്യസംഭവമായിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ നടന്നത്. അജ്ഞാതരുടെ വെടിയേറ്റാണ് വിശ്വാസികള്‍ കൊല്ലപ്പെട്ടത്. പോലീസ് റിപ്പോര്‍ട്ടനുസരിച്ച് ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റായിലെ ദേവാലയത്തില്‍ നിന്നും ഞായറാഴ്ച ശുശ്രൂഷ കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരിന്ന ക്രൈസ്തവര്‍ക്ക് നേരെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ തോക്കുധാരികളായ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.
ആക്രമണത്തിനെതിരെ ഇതിനോടകം തന്നെ ക്രിസ്ത്യന്‍ സംഘടനകളും സഭകളും പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഈസ്റ്ററിന്റെ പിറ്റേദിവസം ക്വറ്റായിലെ ക്രിസ്ത്യന്‍ കുടുംബത്തിലെ 4 പേരെ അക്രമികള്‍ വെടിവെച്ചു വീഴ്ത്തിയിരിന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ഒരാക്രണമാണ് അന്നു നടന്നതെന്ന്‍ പിന്നീട് പോലീസ് വ്യക്തമാക്കിയിരിന്നു. ഇതിനുമുന്‍പ് തെക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ വിശ്വാസികള്‍ തിങ്ങിനിറഞ്ഞിരുന്ന ഒരു ദേവാലയത്തില്‍ ബോംബ് ധാരികളായ ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ പത്തോളം ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ രണ്ട് ആക്രമണങ്ങളുടേയും ഉത്തരവാദിത്വം പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തു.
ഇറാന്‍, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാനിൽ താലിബാന്‍, അല്‍ ക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ തീവ്രവാദി സംഘടനകളുമായി ബന്ധമുള്ള സുന്നി മതമൗലീക വാദികളുടെ വിഹാരകേന്ദ്രമാണ്. ഇതിനുപുറമേ പാക്കിസ്ഥാന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പോരാടുന്ന ബലൂചി വംശജരും ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. നിരവധി സംഘര്‍ഷങ്ങള്‍ക്ക് നടുവില്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ കടുത്ത ഭീഷണിയുടെ നിഴലിലാണ് ജീവിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത അവഗണനയാണ് ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമ സംഭവങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന ആരോപണം അന്താരാഷ്ട്ര തലത്തിൽ തന്നെ ഉയരുന്നുണ്ട്.