India

കൊല്ലം രൂപതയെ മോണ്‍. പോള്‍ മുല്ലശേരി നയിക്കും

സ്വന്തം ലേഖകന്‍ 18-04-2018 - Wednesday

കൊല്ലം: കൊല്ലം ലത്തീന്‍ രൂപതയുടെ പുതിയ ബിഷപ്പ് ആയി മോണ്‍. പോള്‍ ആന്റണി മുല്ലശേരി നിയമിതനായി. കൊല്ലം കത്തീഡ്രൽ ദേവാലയത്തിലും വത്തിക്കാനിലും ഒരേ സമയം പ്രഖ്യാപനം നടന്നു. കൊല്ലം രൂപത ചാൻസലർ റവ.ഡോ.ഷാജി ജർമ്മൻ നിയമന ഉത്തരവ് വായിച്ചു. മെത്രാഭിഷേകത്തിന്‍റെയും സ്ഥാനാരോഹണ ചടങ്ങുകളുടെയും തീയതി പിന്നീട് പ്രഖ്യാപിക്കും.

1960 ജനുവരി 15ന് കൊല്ലം രൂപതയിലെ കാഞ്ഞിരക്കോട് ഇടവകയിൽ കൈതാകോടിയിൽ പരേതരായ ആന്‍റണി ഗബ്രിയേൽ-മാർഗരീത്ത ദന്പതികളുടെ മകനായാണ് മോണ്‍ പോൾ ആന്‍റണി മുല്ലശേരി ജനിച്ചത്. കാഞ്ഞിരകോട് സെന്‍റ് മാർഗരറ്റ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സെന്‍റ് റാഫേൽ സെമിനാരിയിൽ 1969-ലാണ് അദ്ദേഹം വൈദിക പഠനത്തിന് ചേർന്നത്. 1970 മുതൽ 76 വരെ കൊല്ലം ട്രിനിറ്റി ലൈസിയത്തിലും 1978-ൽ ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും പഠിച്ചു.

1984 ഡിസംബർ 22ന് കൊല്ലം മെത്രാനായിരുന്ന റവ.ഡോ. ജോസഫ് ജി.ഫെർണാണ്ടസിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് പുനലൂർ സെന്‍റ് മേരീസ് ഇടവകയിലും കുന്പളം സെന്‍റ് മൈക്കിൾസ് ഇടവകയിലും സഹവികാരിയായും മുരുതൂർകുളങ്ങര, വടക്കുംതല, പടപ്പക്കര എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചു.

1990 മുതൽ 95 വരെ റോമിൽ കാനോൻ നിയമത്തിൽ ഉപരിപഠനം നടത്തി. തുടർന്ന് തങ്കശേരി ഇൻഫന്‍റ് ജീസസ് പ്രൊ കത്തീഡ്രൽ, ഹോളിക്രോസ് ഇടവകകളിൽ വികാരിയായി. സെന്‍റ് റാഫേൽ സെമിനാരിയിൽ 1988 മുതൽ രണ്ടു വർഷം പ്രീഫക്ട് വൈദികനായും 2004- മുതൽ 2006 വരെ റെക്ടററായും 2015 മുതൽ 17 വരെ ആത്മീയ ഗുരുവായും സേവനമനുഷ്ഠിച്ചു. മതബോധന ഡയറക്ടർ, രൂപത ചാൻസലർ, എപ്പിസ്കോപ്പൽ വികാരി, രൂപത ജഡ്ജി, ജുഡീഷൽ വികാരി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിലവിലെ ബിഷപ്പ് സ്റ്റാലിന്‍ റോമന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് മോണ്‍. പോള്‍ മുല്ലശേരി നിയമിതനായിരിക്കുന്നത്.


Related Articles »