News

സൗദിയില്‍ വത്തിക്കാന്റെ ഔദ്യോഗിക 'കത്തോലിക്ക സന്ദര്‍ശനം'

സ്വന്തം ലേഖകന്‍ 20-04-2018 - Friday

റിയാദ്: മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള സൗദി അറേബ്യായില്‍ വത്തിക്കാന്റെ ഔദ്യോഗിക കത്തോലിക്ക സന്ദര്‍ശനം. മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യൂറാനാണ് കഴിഞ്ഞ ദിവസം സൗദി സന്ദര്‍ശിച്ച് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയത്. റിയാദില്‍ എത്തിയ കര്‍ദ്ദിനാളിനും സംഘത്തിനും ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാനും മുസ്ലിം വേള്‍ഡ് ലീഗിന്റെ സെക്രട്ടറി ജനറല്‍ അബ്ദുകരീമും ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന സന്ദര്‍ശനത്തില്‍ കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയിയും സല്‍മാന്‍ രാജാവും സമൂഹത്തില്‍ സഹിഷ്ണുതയും സ്നേഹവും വളര്‍ത്തേണ്ടതിന്റെ ആവശ്യകതെയെ കുറിച്ചാണ് ചര്‍ച്ചകള്‍ നടത്തിയതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ അറേബ്യന്‍ രാജ്യങ്ങളില്‍ എത്തുന്നവരുടെ അന്തസ്സും അവകാശവും മാനിക്കപ്പെടണമെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. ദൈവത്തോടു വിധേയത്വമുള്ളവര്‍ മതങ്ങളെ സമാധാനത്തിനുള്ള ഉപകരണങ്ങളായി കാണുമെന്നും, ജോലിചെയ്ത് സമാധാനത്തില്‍ ജീവിക്കാനുള്ള സാദ്ധ്യതകള്‍ എല്ലാവരുമായി പങ്കുവയ്ക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ദൈവം നല്കിയ മനുഷ്യാന്തസിനെ മാനിച്ചാല്‍ എവിടെയും സമാധാനപൂര്‍ണ്ണമായ ലോകം കെട്ടിപ്പടുക്കാമെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

മറ്റു മതങ്ങള്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്ന സൗദിയില്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍ സന്ദര്‍ശനം നടത്തുന്നത് അപൂര്‍വ സംഭവമാണ്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ചരിത്രത്തിലാദ്യമായി മാരോണൈറ്റ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് ബേച്ചാര ബൗട്രോസ് അല്‍-റാഹി സൗദിയിലെത്തി സല്‍മാന്‍ രാജാവുമായും ഭരണനിയന്താവും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ചര്‍ച്ച നടത്തിയിരിന്നു. ക്രൈസ്തവ വിശാസത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള സൗദി അറേബ്യായില്‍ മതസ്വാതന്ത്ര്യത്തിന് വഴിയൊരുങ്ങുന്നതായി പുതിയ കൂടിക്കാഴ്ച്ചകള്‍ നല്‍കുന്ന സൂചന.


Related Articles »