News - 2025
പാക്കിസ്ഥാന്റെ ചരിത്രത്തിലാദ്യമായി ഇസ്ലാമിക സര്‍വ്വകലാശാലയില്‍ ക്രിസ്ത്യന്‍ ദേവാലയം
സ്വന്തം ലേഖകന്‍ 20-04-2018 - Friday
ലാഹോര്‍: പാക്കിസ്ഥാന്റെ ചരിത്രത്തിലാദ്യമായി ഇസ്ലാമിക സര്‍വ്വകലാശാലയില്‍ ക്രൈസ്തവ ദേവാലയം തുറന്നു. ഫൈസലാബാദിലെ അഗ്രിക്കള്‍ച്ചര്‍ സര്‍വ്വകലാശാലയിലാണ് പരിശുദ്ധ അമ്മയുടെ നാമധേയത്തില്‍ ദേവാലയം തുറന്നിരിക്കുന്നത്. ഏപ്രില്‍ 15-ന് ഇസ്ലാമാബാദ്-റാവല്‍പിണ്ടി മെത്രാപ്പോലീത്തയും, പാക്കിസ്ഥാന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റുമായ മോണ്‍. ജോസഫ് അര്‍ഷാദാണ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നടത്തിയത്. സര്‍വ്വകലാശാല വളപ്പില്‍ സ്ഥിതിചെയ്യുന്ന ദേവാലയം രാജ്യത്ത് സ്നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും സന്ദേശമാണ് നല്‍കുന്നതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
സര്‍വ്വകലാശാല അധികാരികള്‍, പുരോഹിതര്‍, കാമ്പസ് വളപ്പില്‍ താമസിച്ചിരുന്ന 70-ഓളം ക്രൈസ്തവ ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. സര്‍വ്വകലാശാലയിലെ സ്റ്റാഫിന്റേയും, ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളുടേയും വിശ്വാസപരമായ ആവശ്യങ്ങള്‍ക്കായിട്ടാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നതെന്നും യൂണിവേഴ്സിറ്റി ദേവാലയം ക്രിസ്ത്യന്‍-മുസ്ലീം സാഹോദര്യത്തിന്റെ ഉദാഹരണമാണെന്നും യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ചാന്‍സിലറായ മുഹമ്മദ് സഫര്‍ ഇക്ബാല്‍ പറഞ്ഞു.
2015-ല്‍ ഫൈസലാബാദ് രൂപതയുടെ മുന്‍ വികാര്‍ ജനറലിന്റെ നേതൃത്വത്തിലാണ് സെന്റ് മേരീസ് ദേവാലയത്തിന്റെ നിര്‍മ്മാണ പദ്ധതിക്ക് തുടക്കമാകുന്നത്. നിര്‍മ്മാണത്തിനാവശ്യമായ മൂന്നുലക്ഷത്തോളം പാക്കിസ്ഥാനി റുപ്പീ ഫൈസലാബാദ് രൂപതയാണ് നല്‍കിയത്. നിലവില്‍ 177-ലധികം യൂണിവേഴ്സിറ്റികള്‍ പാക്കിസ്ഥാനിലുണ്ട്. ഈ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും മുസ്ലീം പള്ളി പണിയുന്നതിനുള്ള അനുവാദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതാദ്യമായാണ് ഒരു സര്‍വ്വകലാശാലയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന് അനുമതി ലഭിക്കുന്നത്. ദേവാലയത്തിന് അനുമതി നല്‍കിയതിന് സര്‍വ്വകലാശാല അധികാരികളോടും, ഗവണ്‍മെന്റിനും മോണ്‍. ജോസഫ് അര്‍ഷാദ് നന്ദി അറിയിച്ചു.