India - 2025
കെസിബിസി മദ്യവിരുദ്ധ ബഹുജന കണ്‍വെന്‍ഷന്‍ ചെങ്ങന്നൂരില്‍
സ്വന്തം ലേഖകന്‍ 21-04-2018 - Saturday
ആലപ്പുഴ: സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ കെസിബിസി നേതൃത്വത്തില്‍ വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും സാമുദായികസാമൂഹ്യ മനുഷ്യാവകാശ സംഘടനകളെയും പങ്കെടുപ്പിച്ച് മദ്യവിരുദ്ധ ബഹുജന കണ്‍വെന്‍ഷന്‍ 23ന് ചെങ്ങന്നൂരില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചെങ്ങന്നൂര്‍ വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന കണ്‍വന്‍ഷനില്‍ ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.
കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, സിബിസിഐ ഉപാധ്യക്ഷന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മലങ്കര സിറിയന്‍ ക്‌നാനായ സഭ തലവന്‍ കുര്യാക്കോസ് മാര്‍ സെവേറിയോസ് വലിയ മെത്രാപ്പോലിത്ത, തോമസ് മാര്‍ അത്തനാസിയോസ്, ബിഷപ് തോമസ് മാര്‍ തിമോത്തിയോസ്, ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, സി.ആര്‍. നീലകണ്ഠന്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ചാര്‍ളി പോള്‍, പ്രസാദ് കുരുവിള തുടങ്ങീ നിരവധി പ്രമുഖര്‍ പ്രസംഗിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മദ്യശാലകളുടെ മേലുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കുക, അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറന്ന നയം പിന്‍വലിക്കുക, വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് വര്‍ധിപ്പിച്ചതും സ്വകാര്യ ആവശ്യങ്ങള്‍ക്ക് വീടുകളില്‍ െ്രെപവറ്റ് ബാറിന് അനുമതി നല്‍കിയതും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്‍വന്‍ഷന്‍ ഉന്നയിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ അറിയിച്ചു.