News - 2025
ക്രിസ്ത്യാനികളെ രണ്ടാംതരം പൗരന്മാരായി കാണരുത്: സൗദിയോട് വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 27-04-2018 - Friday
വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യാനികളെ രാജ്യത്തെ രണ്ടാം തരം പൗരന്‍മാരായി കാണരുതെന്ന് സൗദി അറേബ്യയോട്, മതാന്തര സംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യൂറാന്‍. തന്റെ സൗദി സന്ദര്‍ശനത്തിനിടെ ക്രിസ്ത്യാനികളെ രണ്ടാം പൗരന്‍മാരായി കാണരുതെന്നും ക്രൈസ്തവരും മുസ്ലിംങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റിയും പറ്റിയും പറഞ്ഞതായി വത്തിക്കാന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് എഴുപത്തിയഞ്ചുകാരനായ കര്‍ദ്ദിനാള്‍ വെളിപ്പെടുത്തിയത്. സൗദി അധികാരികളുമായി സഹകരണ ഉടമ്പടിയില്‍ ഒപ്പുവെച്ചതായും കര്‍ദ്ദിനാള്‍ പറഞ്ഞു.
സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും, രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും, സൗദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും, വിവിധ സഭാപ്രതിനിധികളുമായും കര്‍ദ്ദിനാള്‍ കൂടിക്കാഴ്ച നടത്തിയിരിന്നു. സൗദി അറേബ്യയിലും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന്‍ സൗദി അധികാരികള്‍ തന്നെ ബോധ്യപ്പെടുത്തിയെന്നും, സൗദിയില്‍ വിവിധ മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തനിക്ക് ഉറപ്പ് നല്‍കിയതായും കര്‍ദ്ദിനാള്‍ വിവരിച്ചു.
ഇതിനു മുന്‍പ് ആംഗ്ലിക്കന്‍ സഭയുടെ തലവനായ കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി, ലെബനനിലെ മാരോണൈറ്റ് സഭാ പാത്രിയാര്‍ക്കീസ് ബേച്ചര അല്‍ റായി എന്നിവരുമായും സൗദി രാജകുമാരന്‍ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. സൗദിയിലെ ക്രിസ്ത്യാനികളില്‍ ഭൂരിഭാഗം പേരും തൊഴില്‍ തേടി എത്തിയിട്ടുള്ളവരോ, നയതന്ത്ര പ്രതിനിധികളോ ആണ്. രാജ്യത്തു ദേവാലയങ്ങള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ ഭവനങ്ങളില്‍ രഹസ്യമായാണ് ആരാധനകള്‍ നടത്തിവരുന്നത്. കര്‍ദ്ദിനാള്‍ ജീന്‍ ലൂയീസിന്‍റെ സൗദി സന്ദര്‍ശനത്തോടെ രാജ്യത്തെ ക്രൈസ്തവര്‍ക്ക് മതസ്വാതന്ത്ര്യം ലഭിക്കുമെന്ന ചര്‍ച്ച സജീവമായിരിക്കുകയാണ്.