Seasonal Reflections - 2024
പോളിഷ് നേഴ്സ് ഹന്ന ക്രിസനോവ്സ്ക വാഴ്ത്തപ്പെട്ട പദവിയില്‍
സ്വന്തം ലേഖകന്‍ 29-04-2018 - Sunday
ക്രാക്കോവ്: റഷ്യന്‍ വിപ്ലവകാലത്ത് അനേകര്‍ക്ക് സാന്ത്വനമായി മാറുകയും നേഴ്സുമാരുടെ കത്തോലിക്ക സംഘടനയുടെ രൂപീകരണത്തില്‍ നിര്‍ണ്ണായകമായ സ്വാധീനമാകുകയും ചെയ്ത പോളിഷ് അല്‍മായ വനിത ഹന്നാ ക്രിസനോവ്സ്കായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇന്നലെ (28/04/2018) ക്രാക്കോവ് അതിരൂപതയിലെ ദൈവ കരുണയുടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആണ് ചടങ്ങുകള്‍ നടന്നത്. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മാനുഷിക വേദനയുടെ അന്ധകാരത്തില്‍ പ്രകാശമായി ഉദിച്ച വ്യക്തിയായിരിന്നു ഹന്നയെന്ന്‍ കര്‍ദ്ദിനാള്‍ പറഞ്ഞു.
1902-ല്‍ പോളണ്ടിലെ വാര്‍സോയിലാണ് ഹന്നാ ക്രിസനോവ്സ്കാ ജനിച്ചത്. അവളുടെ കുടുബത്തില്‍ ഒരു വിഭാഗം പ്രൊട്ടസ്റ്റന്‍റ് സഭാനുയായികളും ശേഷിച്ചവര്‍ കത്തോലിക്കരുമായിരുന്നു. കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിച്ചാണ് അവള്‍ കഴിഞ്ഞത്. ക്രാക്കോവില്‍ ഉര്‍സുലിന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളില്‍ അവള്‍ തന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1922-ല്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയതിനു ശേഷം ഹന്നാ വാഴ്സോവിലെ നേഴ്സിംഗ് സ്കൂളില്‍ ചേര്‍ന്നു. അധികം താമസിയാതെ വിശുദ്ധ ബെനഡിക്ടിന്റെ പ്രബോധനങ്ങള്‍ക്കനുസൃതമായി ജീവിക്കുന്ന ഉര്‍സുലിന്‍ കന്യാസ്ത്രീകള്‍ക്കൊപ്പം അവളും തന്റെ ജീവിതം സേവനത്തിനായി സമര്‍പ്പിക്കുകയായിരിന്നു.
1926-1929 കാലയളവില്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് നേഴ്സസില്‍ പരിശീലകയായി അവള്‍ സേവനം ചെയ്തു. ഇക്കാലയളവിലാണ് അവള്‍ യേശുവുമായി കൂടുതല്‍ അടുക്കുന്നത്. 1937-ല്‍ ഹന്നാ പോളണ്ടിലെ കത്തോലിക്കാ നേഴ്സുമാരുടെ അസോസിയേഷനില്‍ ചേര്‍ന്നു. 1939-ല്‍ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്ത് ഹന്നാ ക്രാക്കോവില്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മറ്റെര്‍ണിറ്റി ആന്‍ഡ് നേഴ്സിംഗ് എന്ന നേഴ്സിംഗ് പരിശീലന കേന്ദം സ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയും അവര്‍ക്കൊപ്പം പാവപ്പെട്ട രോഗികളുടെ വീടുകളില്‍ പോയി ശുശ്രൂഷിച്ചും ഹന്നാ തന്റെ ജീവിതം ധന്യമാക്കി.
യുദ്ധത്തില്‍ അകപ്പെട്ടവര്‍ക്ക് സ്വാന്തനവും പരിചരണവും നല്‍കുന്നതിലും അവള്‍ ആനന്ദം കണ്ടെത്തി.1966-ലാണ് അവള്‍ക്ക് കാന്‍സര്‍ പിടിപെടുന്നത്. നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും രോഗം മൂര്‍ച്ഛിച്ച് 1973 ഏപ്രില്‍ 23-ന് ക്രാക്കൊവില്‍ വെച്ച് അവള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുകയായിരിന്നു. 1997-ല്‍ ഹന്നാ ക്രിസനോവ്സ്കായെ ദൈവദാസിയായി പ്രഖ്യാപിച്ചു. 2015 സെപ്റ്റംബര്‍ 30-നാണ് ഫ്രാന്‍സിസ് പാപ്പാ അവളെ ധന്യയായി പ്രഖ്യാപിച്ചത്.