India - 2024

സഭാതര്‍ക്കം പരിഹരിക്കാന്‍ ശ്രമവുമായി മുഖ്യമന്ത്രിയും

സ്വന്തം ലേഖകന്‍ 23-05-2018 - Wednesday

തിരുവനന്തപുരം: കേരളത്തില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്തതിനെ അഭിനന്ദിച്ച് പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കിസ് ബാവ. മുഖ്യമന്ത്രിയുടെ ഇടപെടലും അതിന്റെ ഭാഗമായി തനിക്ക് അയച്ച കത്തും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പാത്രിയാര്‍ക്കീസ് ബാവ ഇക്കാര്യം പറഞ്ഞത്.

സഭാ വിശ്വാസികളില്‍ ബഹുഭൂരിഭാഗവും തര്‍ക്കങ്ങള്‍ പരിഹരിച്ചു സമാധാനപരമായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും അതുകൊണ്ട് സമാധാന ശ്രമങ്ങള്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ തുടരണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും നല്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. തര്‍ക്കങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും അതിനാല്‍ ചര്‍ച്ചകള്‍ ഫലം ചെയ്യില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ അതിനോട് താന്‍ യോജിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ തിയോഫിലോസ് ജോര്‍ജ് സലിബ, മാര്‍ തിമോത്തിയോസ് മത്താ അല്‍ഹോറി തുടങ്ങിയവരും പാത്രിയാര്‍ക്കീസ് ബാവയോടൊപ്പം ഉണ്ടായിരുന്നു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


Related Articles »