India - 2025
കേരളത്തിന്റെ നവോത്ഥാനത്തിൽ ചാവറ കുര്യാക്കോസച്ചൻ വഹിച്ചത് അതിനിർണായകമായ പങ്ക്: പ്രതിപക്ഷ നേതാവ്
പ്രവാചക ശബ്ദം 04-01-2021 - Monday
കൊച്ചി: കേരളത്തിന്റെ നവോത്ഥാനത്തിൽ ചാവറ കുര്യാക്കോസ് എലിയാസച്ചൻ വഹിച്ചത് അതിനിർണായകമായ പങ്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ ചാവറ പിതാവിന്റെ നൂറ്റിയൻപതാം ചരമ വാർഷികത്തിലാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിലൂടെ അനുസ്മരണം നടത്തിയത്. "പള്ളിയോടൊപ്പം പള്ളിക്കൂടവും" സ്ഥാപിക്കാനുള്ള ചാവറ പിതാവിന്റെ ആഹ്വാനമാണ് വിദ്യാഭ്യാസ മേഖലയിൽ കേരളം ഇന്ന് കൈവരിച്ച നേട്ടങ്ങളുടെ പിന്നിലെ ചാലക ശക്തിയെന്ന് അദ്ദേഹം സ്മരിച്ചു.
തന്റെ പ്രവർത്തനങ്ങളുടെ ഏകീകരണത്തിനായി അദ്ദേഹം പടുത്തുയർത്തിയ സിഎംഐ സഭ ഇന്നും വിദ്യാഭ്യാസ മേഖലയിലും, ആതുര സേവന രംഗത്തും നിസ്തുലമായ സേവനങ്ങളാണ് നൽകി കൊണ്ടിരിക്കുന്നത്. "പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പുരോഹിതൻ ഇരുപതാം നൂറ്റാണ്ടിലും, ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഓർമ്മിക്കപ്പെടുന്നുവെങ്കിൽ അദ്ദേഹം വരും കാലങ്ങൾക്ക് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു " എന്നിങ്ങനെയാണ് ചാവറ അച്ചനെ പറ്റി പറഞ്ഞത് സുകുമാർ അഴീക്കോട് പറഞ്ഞത്. അദ്ദേഹത്തിന്റെ നൂറ്റിയൻപതാം ചരമ വാർഷികത്തിൽ, വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ ജ്വലിക്കുന്ന സ്മരണകൾക്കു മുന്നിൽ ശിരസ്സു നമിക്കുന്നു എന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. .