News - 2025
വനിതാ പൗരോഹിത്യം അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് വിശ്വാസ തിരുസംഘം
സ്വന്തം ലേഖകന്‍ 30-05-2018 - Wednesday
വത്തിക്കാൻ സിറ്റി: വനിതകൾക്ക് പൗരോഹിത്യം അനുവദിക്കില്ലെന്ന തീരുമാനം വീണ്ടും ആവര്‍ത്തിച്ച് വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ ആര്‍ച്ച് ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്ക്കോ ലഡാരിയ ഫെറെര്‍. ശിഷ്യന്മാരെ തിരഞ്ഞെടുത്ത യേശുവിന്റെ തീരുമാനങ്ങളുടെ തുടർച്ചയാണ് സഭയില്‍ നടപ്പിലാക്കുന്നതെന്നും വനിതാ പൗരോഹിത്യം അപ്രാപ്യമാണെന്നും നിയുക്ത കര്‍ദ്ദിനാള്‍ കൂടിയായ ആർച്ച് ബിഷപ്പ് ലൂയിസ് ലഡാരിയ പറഞ്ഞു. വത്തിക്കാൻ പത്രമായ 'ഒസെര്‍വത്തോരെ റൊമാനോ'യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
1994-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറത്തിറിക്കിയ 'ഓര്‍ഡിനേഷ്യോ സേക്കര്‍ഡൊറ്റാലി'സും ഫ്രാന്‍സിസ് പാപ്പയുടെ 'ഇവാഞ്ചലി ഗോഡിയ'വും ചൂണ്ടിക്കാട്ടിയ ആര്‍ച്ച് ബിഷപ്പ് വനിതാ പൗരോഹിത്യം ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയില്ലായെന്നും പുരോഹിത പദവി പുരുഷന്മാർക്കു മാത്രമാണെന്നും വ്യക്തമാക്കി. വിശ്വാസ നിക്ഷേപത്തിന്റെ സത്യമെന്ന നിലയിൽ സഭാപഠനത്തെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൗരോഹിത്യ പദവിയിൽ സ്ത്രികളുടെ സാന്നിദ്ധ്യം സഭാപഠനത്തിന് വിരുദ്ധവും ആശയക്കുഴപ്പത്തിന് കാരണമാണെന്നും ആർച്ച് ബിഷപ്പ് ലഡാരിയ കൂട്ടിച്ചേര്‍ത്തു.
2016- അവസാനം സ്ത്രീകളുടെ പൗരോഹിത്യ പദവിയില്‍ കത്തോലിക്ക സഭയുടെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിന്നു. സ്ത്രീകളെ പുരോഹിതരോ, ബിഷപ്പുമാരോ ആയി നിയമിക്കുന്ന സമ്പ്രദായത്തെ കത്തോലിക്ക സഭ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും ഇത്തരം ചര്‍ച്ചകള്‍ അടഞ്ഞ അധ്യായമാണെന്നുമാണ് അന്നു ഫ്രാന്‍സിസ് പാപ്പ തുറന്ന്‍ പറഞ്ഞത്.