News - 2025

ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്ന പുസ്തകം ഈജിപ്ഷ്യന്‍ സര്‍വ്വകലാശാല നിര്‍ത്തലാക്കി

സ്വന്തം ലേഖകന്‍ 01-06-2018 - Friday

കെയ്റോ: ഈജിപ്തിലെ കെയ്റോയില്‍ സ്ഥിതിചെയ്യുന്ന എയിന്‍ ഷാംസ് സര്‍വ്വകലാശാലയില്‍ ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്ന പുസ്തകം പഠിപ്പിക്കുന്നത് നിര്‍ത്തലാക്കി. ഈജിപ്ഷ്യന്‍ യൂണിയന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് (EUHR) ന്റെ പ്രസിഡന്റായ നാഗൂയിബ് ഗബ്രിയേല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനാ നേതാക്കള്‍ എയിന്‍ ഷാംസ് സര്‍വ്വകലാശാലയുടെ നിയമവിഭാഗം ഡീനായ നാഗി മൊമെനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.

സര്‍വ്വകലാശാലയുടെ ‘ഫാക്കല്‍റ്റി ഓഫ് ലോ’യിലെ ‘കോണ്‍സ്റ്റിറ്റ്യൂഷണല്‍ ലോ’ വിഭാഗം തലവനായ റാബെയി ഫത്തേ അല്‍-ബാബാണ് 'ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ്‌ പോളിറ്റിക്കല്‍ കോണ്‍ഫ്ലിക്റ്റ് ഇന്‍ പോസിറ്റീവ് തോട്ട് ആന്‍ഡ്‌ ഹെവന്‍ലി റിലീജിയന്‍സ്' എന്ന തലക്കെട്ടുള്ള ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കത്തോടു കൂടിയ പുസ്തകം എഴുതിയത്. അഴിമതിയും, ലൈംഗീക ആഗ്രഹങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന മതമാണ്‌ ക്രൈസ്തവ വിശ്വാസം എന്ന രീതിയിലാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. പുസ്തകത്തിനെതിരെ വ്യാപക പ്രതിഷേധവുമായി ക്രിസ്ത്യന്‍ സമൂഹം രംഗത്തെത്തിയിരിന്നു.

പുസ്തകം ക്രൈസ്തവ വിശ്വാസത്തെ നിന്ദിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഈജിപ്തിലെ മൂന്നു വിവിധ സര്‍വ്വകലാശാലകളിലെ ‘കോണ്‍സ്റ്റിറ്റ്യൂഷണല്‍ ലോ’ പ്രൊഫസ്സര്‍മാര്‍ അടങ്ങിയ ഒരു സമിതി രൂപീകരിച്ചിരിന്നു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുസ്തകം റദ്ദാക്കുവാന്‍ യൂണിവേഴ്സിറ്റി തീരുമാനിച്ചത്. ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഒരേ രാജ്യത്ത് താമസിക്കുന്ന പങ്കാളികളാണെന്നും ക്രിസ്ത്യാനികളെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും നാഗി മൊമെന്‍ പറഞ്ഞു. പുസ്തകം ലൈബ്രറിയില്‍ നിന്നും നീക്കം ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.


Related Articles »