News - 2025

കാനഡയിലെ നിയമങ്ങള്‍ മതസ്വാതന്ത്ര്യത്തിനു ഭീഷണി: യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്

സ്വന്തം ലേഖകന്‍ 02-06-2018 - Saturday

വാഷിംഗ്‌ടണ്‍ ഡി.സി: കാനഡയുടെ സ്വവര്‍ഗ്ഗാനുകൂല നിയമങ്ങളും, നയങ്ങളും മതസ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ച് വിവരിക്കുന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു അദ്ദേഹം. ഭ്രൂണഹത്യ, ദയാവധം എന്നീ വിഷയങ്ങളില്‍ ഡോക്ടര്‍മാരുടെ മനസാക്ഷിക്കും, വിശ്വാസങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനെതിരേ ഒണ്ടാറിയോയിലെ ക്രിസ്ത്യന്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിയമപോരാട്ടത്തെക്കുറിച്ചും, ലിംഗപരമായ വ്യക്തിത്വാവകാശങ്ങള്‍ ശിശുക്ഷേമ നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

കനേഡിയന്‍ നിയമങ്ങളും നയങ്ങളും കാനഡയിലെ മാത്രമല്ല, അമേരിക്കയിലേയും, അന്താരാഷ്ട്ര തലത്തിലേയും മതസ്വാതന്ത്ര്യത്തിനു ഭീഷണിയാണെന്ന് പോംപിയോ പറഞ്ഞു. മനുഷ്യാവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മൗലീകാവകാശം മതസ്വാതന്ത്ര്യമാണെന്നും, അമേരിക്കയുടെ അതിര്‍ത്തിക്ക് പുറത്തുള്ള മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ അമേരിക്ക കാഴ്ചക്കാരായി കണ്ടുനില്‍ക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുമായുള്ള ബന്ധം കണക്കിലെടുക്കാതെ, പക്ഷപാതരഹിതമായി മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ടെന്ന് അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കയുടെ അംബാസഡറായ സാം ബ്രൌണ്‍ബാക്ക് പറഞ്ഞു.

മ്യാന്‍മറില്‍ രോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ചും, ഉത്തരകൊറിയയില്‍ നടക്കുന്ന മതപീഡനങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് “മിനിസ്റ്റീരിയല്‍ ടോ അഡ്വാന്‍സ് റിലീജിയസ് ഫ്രീഡം” എന്ന പേരില്‍ ജൂലൈ 25, 26 തിയതികളിലായി വാഷിംഗ്‌ടണില്‍ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നുണ്ടെന്നും പോംപിയോ പ്രഖ്യാപിച്ചു. മതനേതാക്കള്‍, നയതന്ത്രജ്ഞര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.


Related Articles »