News - 2025
പള്ളിയില്‍ ഉപേക്ഷിച്ച കുഞ്ഞിന് അഭയമായി 'സിസ്‌റ്റേഴ്‌സ് ഓഫ് നസ്രത്ത്'; പിന്തുണയുമായി പ്രോലൈഫ് സമിതിയും
സ്വന്തം ലേഖകന്‍ 03-06-2018 - Sunday
കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ചോരകുഞ്ഞിന് അഭയമൊരുക്കി സിസ്‌റ്റേഴ്‌സ് ഓഫ് നസ്രത്ത് സന്യാസിനിമാര്‍. ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക പരിചരണത്തിന് ശേഷമാണ് കുഞ്ഞിനെ സിസ്‌റ്റേഴ്‌സ് ഓഫ് നസ്രത്ത് സന്യാസിനിമാരുടെ മേല്‍നോട്ടത്തില്‍ അങ്കമാലി പാദുവാപുരത്തു പ്രവര്‍ത്തിക്കുന്ന ശിശുഭവനിലേക്കു മാറ്റിയത്. ആരോഗ്യസ്ഥിതി തൃപ്തികരമെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നു നിയമനടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ ഏറ്റെടുത്തു. തുടര്‍ന്നാണ് ശിശുഭവനു കൈമാറിയത്. ശിശുഭവന്റെ ചുമതല വഹിക്കുന്ന സിസ്റ്റര്‍ ജൂലിറ്റ് കുഞ്ഞിനെ ഏറ്റുവാങ്ങി.
ദന്പതികളോടു തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്നു വീണ്ടും കൗണ്‍സലിംഗ് നല്‍കുമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ പറഞ്ഞു. കുഞ്ഞിനും കുടുംബത്തിനും പൂര്‍ണ്ണ പിന്തുണയും സഹായവും അറിയിച്ച് കെസിബിസി പ്രോലൈഫ് സമിതി അംഗങ്ങള്‍ എളമക്കര പോലീസ് സ്റ്റേഷനില്‍ എത്തിയിരിന്നു. കുഞ്ഞിനെ ഉപേക്ഷിച്ച പിതാവ് ബിറ്റോയ്ക്കു ആവശ്യമായ കൗൺസിലിംഗും ഇതരസഹായവും നല്‍കാന്‍ തയാറാണെന്ന് ജനറല്‍ സെക്രട്ടറി സാബുജോസ് പറഞ്ഞു. നാലാമത് ഒരു കുഞ്ഞ് കൂടി ഉണ്ടാകുമ്പോള്‍ അതിനെ സന്തോഷത്തോടെ സ്വീകരിക്കുവാന്‍ ജാതി മതഭേദമന്യേ നിലപാട് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ഒന്നിനു പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിറന്ന പെണ്‍കുഞ്ഞിനെയാണു ദമ്പതികള്‍ അന്നു രാത്രി എട്ടോടെ തീര്‍ത്ഥാടനകേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഉപേക്ഷിച്ചത്.