News - 2025

പാക്കിസ്ഥാനിൽ മതേതര ഇഫ്താർ വിരുന്നുമായി ക്രൈസ്തവ വിദ്യാർത്ഥികൾ

സ്വന്തം ലേഖകന്‍ 05-06-2018 - Tuesday

ലാഹോർ: പാക്കിസ്ഥാനിൽ ഇസ്ളാം മതസ്ഥര്‍ക്ക് നോമ്പ് തുറക്കൽ വിരുന്നൊരുക്കി ക്രൈസ്തവ സിക്ക് വിദ്യാർത്ഥികൾ വീണ്ടും മാതൃകയായി. കഴിഞ്ഞ ഏഴു വർഷമായി അനുവർത്തിച്ചു പോരുന്ന ചടങ്ങ് ജെസ്യൂട്ട് സെന്‍ററിലെ ലയോള ഹാളിൽ ജൂൺ രണ്ടിനാണ് സംഘടിപ്പിച്ചത്. യൂണിവേഴ്സിറ്റിയിലെ നൂറോളം മുസ്ളിം വിദ്യാർത്ഥികൾ സൊസൈറ്റി ഓഫ് ജീസസ് വൈദികരോടൊപ്പം വിരുന്ന് ആസ്വദിച്ചു. യൂത്ത് ഡെവലപ്മെൻറ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന വിരുന്ന്‍ രാജ്യത്തെ മതസഹവർത്തിത്വത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ഉദാഹരണമായാണ് പലരും വിശേഷിപ്പിച്ചത്.

യൂത്ത് ഡെവലപ്മെൻറ് ഫൗണ്ടേഷൻ കത്തോലിക്ക അദ്ധ്യക്ഷൻ ഷാഹിദ് റഹ്മത്ത് ഏഴാമത് ഇഫ്താർ വിരുന്നിലേക്ക് എല്ലാ മതസ്ഥരേയും സ്വാഗതം ചെയ്തു. മതത്തിന്റെ പേരിൽ ദാഹജലം പോലും നിഷേധിക്കപ്പെടുന്ന കാലഘട്ടത്തിൽ വിവിധ മതസ്ഥർ പങ്കുചേർന്ന വിരുന്ന് വ്യത്യസ്ത അനുഭവമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്തവർക്കും സിക്കുകാർക്കുമൊപ്പം ഭക്ഷണം കഴിച്ചതിന്റെ സന്തോഷം ഇസ്ലാം മതസ്ഥര്‍ പങ്കുവച്ചു.

ചൂടിന്റെ കാഠിന്യത്തിൽ റമദാൻ നോമ്പ് അനുഷ്ഠിക്കുന്നവർ ഏറെ കഠിനമായ അവസ്ഥയിലാണെന്നും ചൂടു കാറ്റും വൈദ്യുതി തടസ്സവും മൂലം ക്ഷീണിതരായവരെ ചികിത്സിക്കാൻ ലാഹോറിൽ നിന്നും അഞ്ച് ഡോക്റ്റർമാരെ എത്തിച്ചുവെന്നും സൗജന്യ മെഡിക്കൽ ക്യാമ്പിൽ നാനൂറോളം രോഗികൾക്ക് ചികിത്സയും മരുന്നും നല്കിയതായും സിക്ക് മതസ്ഥനായ ഗുർജിത്ത് സിങ് കൂട്ടായ്മയ്ക്ക് ശേഷം പറഞ്ഞു. വിരുന്നിനേ തുടര്‍ന്നു എല്ലാവരും ചേർന്ന് ഫോട്ടോയെടുത്തതിന് ശേഷമാണ് കൂട്ടായ്മ പിരിഞ്ഞത്.


Related Articles »