News - 2024

ആഫ്രിക്ക നേരിടുന്നത് കനത്ത ദിവ്യകാരുണ്യ ദാഹം: ദുഃഖം പങ്കുവച്ച് മിഷ്ണറി വൈദികന്‍

സ്വന്തം ലേഖകന്‍ 08-06-2018 - Friday

കാര: വൈദികരുടെ അഭാവത്തിൽ, ആഫ്രിക്കൻ സഭയില്‍ വിശ്വാസികള്‍ കടുത്ത ദിവ്യകാരുണ്യ ദാഹം അനുഭവിക്കുന്നുവെന്ന് മിഷ്ണറി വൈദികന്റെ വെളിപ്പെടുത്തല്‍. ആഫ്രിക്കൻ മിഷൻ സൊസൈറ്റിയിലെ ഐവേറിയൻ തിയോളജിയനായ ഫാ. ഡൊണാൾഡ് സഗോറാണ് ആഫ്രിക്ക നേരിടുന്ന ആത്മീയ വെല്ലുവിളിയെ പുറംലോകത്തെ അറിയിച്ചത്. മിഷ്ണറി പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം ദിവ്യകാരുണ്യമാണെന്നും മുൻകാലങ്ങളിലേക്കാൾ ശക്തമായ ഇടയ സാന്നിദ്ധ്യവും വിശ്വാസികളുടെ കൂട്ടായ്മയും മിഷ്ണറി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു,

രോഗികളെ സൗഖ്യപ്പെടുത്തുകയും പീഡിതരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ദിവ്യകാരുണ്യ ഈശോയുടെ സാന്നിദ്ധ്യം സുവിശേഷ പ്രഘോഷണത്തിന് ഏറ്റവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശുദ്ധ കുർബാനയാണ് സഭയുടെ നിലനില്പെന്ന ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകൾ ഉദ്ദരിച്ച അദ്ദേഹം വൈദികരുടെ അസാന്നിദ്ധ്യത്തിൽ കൂദാശകളിലുള്ള കുറവുകള്‍ മൂലം വിശ്വാസികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുവെന്നും ദിവ്യകാരുണ്യത്തിന്റെ അഭാവമാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടി.

വിളവിന്റെ നാഥനോട് സുവിശേഷ വേലക്കാരെ അയക്കണമെന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമായി വിശ്വാസികളുടെ സംശയങ്ങൾ പരിഹരിക്കാനും തയാറാകണം. കൂട്ടായ പരിശ്രമം വഴി വിശ്വാസികളെ ദിവ്യകാരുണ്യ ഭക്തിയിൽ വളർത്തുവാനാണ് വൈദിക ദൈവവിളിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


Related Articles »