News - 2025

പുരാതന ദേവാലയം സംരക്ഷിക്കുവാന്‍ ക്രൈസ്തവരും മുസ്ലീംങ്ങളും തമ്മില്‍ ധാരണ

സ്വന്തം ലേഖകന്‍ 09-06-2018 - Saturday

ബാഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബാഗ്ദാദിന്റെ തെക്ക് ഭാഗത്തുള്ള അല്‍ മദായിന്‍ ജില്ലയിലെ പുരാതനവും, പൗരസ്ത്യ സഭാ ചരിത്രത്തില്‍ വളരെയേറെ പ്രാധാന്യമുള്ളതുമായ ‘ചര്‍ച്ച് ഓഫ് കോഖേ’ സംരക്ഷിക്കുവാന്‍ ക്രൈസ്തവരും പ്രാദേശിക മുസ്ലീം സമൂഹവും പരസ്പരധാരണയായി. സര്‍ക്കാര്‍ സഹായത്തോടെ ദേവാലയം പുനരുദ്ധരിക്കുവാനും, തീര്‍ത്ഥാടന പദ്ധതികള്‍ നടപ്പിലാക്കുവാനുമാണ് ഇരുവിഭാഗവും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 25നു ബാഗ്ദാദിലെ കത്തോലിക്കാ സഭയുടെ സെന്റര്‍ ഫോര്‍ ഈസ്റ്റേണ്‍ സ്റ്റഡീസിന്റെ തലവനായ ഫാ. മാന്‍സോര്‍ അല്‍-മഖ്ലീസ്സിയുടെ നേതൃത്വത്തിലാണ് ക്രിസ്ത്യന്‍ സംഘം ദേവാലയം സന്ദര്‍ശിച്ചത്.

സന്ദര്‍ശനത്തിനു ശേഷം പ്രാദേശിക മുസ്ലീം സമുദായത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ടു അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ദേവാലയത്തിന്റെ പുനരുദ്ധാരണത്തെക്കുറിച്ച് ചര്‍ച്ച നടത്തുകയുമായിരിന്നു. തുടര്‍ന്നാണ് ദേവാലയ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും ഇരുവിഭാഗങ്ങളും ഒരുമിച്ച് ധാരണയിലെത്തിയത്. ഒന്നാം നൂറ്റാണ്ടില്‍ വിശുദ്ധ മാരിയാണ് ദേവാലയം പണികഴിപ്പിച്ചത്. മദ്ധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് കോഖേ ദേവാലയത്തിനുള്ളത്. നൂറ്റാണ്ടുകളോളം പൗരസ്ത്യ സഭയുടെ പാത്രിയാര്‍ക്കല്‍ ഭവനമായി വര്‍ത്തിച്ച ദേവാലയമാണിത്. 24-ഓളം പാത്രിയാര്‍ക്കീസ്മാരെ ദേവാലയത്തില്‍ കബറടക്കിയിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ്സ് അടക്കമുള്ള ഭീകരസംഘടനകളില്‍ നിന്നുള്ള സുരക്ഷാ ഭീഷണിയെ തുടര്‍ന്നു കഴിഞ്ഞ 20 വര്‍ഷമായി ക്രൈസ്തവര്‍ക്ക് പൗരാണിക ദേവാലയം സന്ദര്‍ശിക്കുവാന്‍ സാധിച്ചിട്ടില്ലായിരിന്നു. 1980-കളില്‍ ദേവാലയം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നതാണ്. എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെ ഇവിടെ കൂടുതല്‍ പുരാവസ്തു ഗവേഷണങ്ങള്‍ നടത്തുകയാണ് ഇറാഖി ഭരണകൂടം ചെയ്തത്.

ദേവാലയം പുനരുദ്ധരിക്കണമെന്ന് ക്രിസ്ത്യാനികളുടേയും, മുസ്ലീങ്ങളുടേയും സംയുക്തമായ ആവശ്യം പുരാവസ്തു ഗവേഷക ലോകം സ്വാഗതം ചെയ്തിരിക്കുകയാണ്. ദേവാലയമിരിക്കുന്ന അല്‍ മദായിന്‍ ജില്ലയും ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലമാണ്. സ്റ്റെസിഫോണ്‍ എന്നായിരുന്നു ഈ സ്ഥലം പൗരാണിക കാലത്ത് അറിയപ്പെട്ടിരുന്നത്. പാര്‍ത്തിയന്‍ സാമ്രാജ്യത്തിന്റെ ശൈത്യകാല തലസ്ഥാനമായിരുന്നു ഇവിടം. മേഖലയില്‍ നടത്തിയ ഉദ്ഖനനങ്ങളില്‍ നിരവധി പുരാതന ക്രൈസ്തവ ദേവാലയങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിന്നു.


Related Articles »