News
ചരിത്രം രചിച്ച് ട്രംപ്-കിം കൂടിക്കാഴ്ച; പ്രതീക്ഷയോടെ കൊറിയന്‍ ക്രൈസ്തവര്‍
സ്വന്തം ലേഖകന്‍ 12-06-2018 - Tuesday
സിംഗപ്പൂര്‍: ചരിത്രം കുറിച്ച് സമാധാന കരാറില്‍ ഒപ്പ് വച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോംഗ് ഉന്നിന്റേയും കൂടിക്കാഴ്ച. ആഗോള സമൂഹം പ്രാര്‍ത്ഥനയോടെ കാത്തിരിന്ന സിംഗപൂര്‍ കൂടിക്കാഴ്ച ഫലപ്രദമായിരിന്നെന്ന് ഇരു രാജ്യ തലവന്മാരും സമ്മതിച്ചു. കൂടിക്കാഴ്ച പുതിയ ചരിത്രമാണെന്നും ഭൂതകാലത്തെ സംഭവങ്ങള്‍ മറക്കുന്നുവെന്നും കിം ജോംഗ് ഉൻ പറഞ്ഞു. ചര്‍ച്ചയുടെ വിജയത്തിനായി ത്യാഗമെടുത്ത് പ്രാര്‍ത്ഥിക്കുവാന്‍ കൊറിയന്‍ കത്തോലിക്ക സഭാനേതൃത്വം നേരത്തെ ആഹ്വാനം ചെയ്തിരിന്നു.
കൂടിക്കാഴ്ചയ്ക്കു ശേഷം കിം ജോംഗ് ഉന്നിനേ വൈറ്റ് ഹൌസിലേക്ക് ട്രംപ് ക്ഷണിച്ചുവെന്നതും ശ്രദ്ധേയമാണ്. "ലോകമെമ്പാടുമുള്ളവർ ഈ നിമിഷം കാണുകയാണെന്ന് എനിക്കറിയാം. പലരും ചിന്തിക്കുന്നത് ഇതൊരു സയൻസ് ഫിക്‌ഷൻ ചലച്ചിത്രത്തിലെ രംഗമാണെന്നായിരിക്കും. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങൾ മറികടക്കും. മുൻകാലങ്ങളിലെ മുൻവിധികളും വ്യവഹാരങ്ങളുമാണ് ഇത്രയും കാലം തടസ്സമായിരുന്നത്. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോൾ ഇവിടെയെത്തിയിരിക്കുന്നത്". കിം പറഞ്ഞു.
സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്. ഇരുവരും ഒപ്പ് വച്ച സമാധാന ഉടമ്പടിയുടെ വിശദ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും ഉടമ്പടി ലോക സമാധാനത്തിലേക്ക് നയിക്കുന്നതാണെന്ന് വ്യക്തമായിരിക്കുകയാണ്. ട്രംപ്-കിം കൂടിക്കാഴ്ചയുടെ വിജയത്തിനായി താന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരിന്നു.
ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റും ഉത്തര കൊറിയൻ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ നാല് യുഎസ് പ്രസിഡന്റുമാർക്കു സാധിക്കാത്ത സമാധാന ഉടമ്പടി ട്രംപിലൂടെ സംജാതമായതിനെ ലോകം അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. ദശാബ്ദങ്ങൾക്കുശേഷം കഴിഞ്ഞ ഏപ്രിൽ 27നു ദക്ഷിണ കൊറിയ- ഉത്തരകൊറിയ ചര്‍ച്ച നടന്നതും പൂർണ്ണ ന്യൂക്ലിയർ നിരായുധീകരണം നടപ്പാക്കാൻ തീരുമാനിച്ചതിനും നിര്‍ണ്ണായകമായ നീക്കം നടത്തിയത് ട്രംപായിരിന്നു. ചര്‍ച്ചയുടെ വിജയത്തെ തുടര്‍ന്നു അമേരിക്കൻ പ്രസിഡന്‍റിന് സമാധാനത്തിനുള്ള നോബേൽ സമ്മാനം നല്‍കണമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ പരസ്യമായി ആവശ്യപ്പെട്ടിരിന്നു.
അതേസമയം ട്രംപ്- കിം കൂടിക്കാഴ്ച ഫലപ്രദമായതിനെ പ്രതീക്ഷയോടെയാണ് കൊറിയന്‍ ക്രൈസ്തവ സമൂഹവും നോക്കിക്കാണുന്നത്. മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുകളുള്ള ഉത്തര കൊറിയയില്‍ അരലക്ഷത്തോളം ക്രൈസ്തവരാണ് തടവില്‍ കഴിയുന്നത്. മുന്നോട്ടുള്ള ചര്‍ച്ചകള്‍ ക്രൈസ്തവരുടെ മോചനത്തിന് വഴിയൊരുങ്ങുമെന്നാണ് കൊറിയന്‍ ക്രൈസ്തവരുടെ പ്രതീക്ഷ.