News - 2025

ക്രിസ്തുവിനായി ജീവത്യാഗം ചെയ്തവരുടെ സ്മരണയില്‍ പ്രഥമ ദേവാലയം തുറന്നു

സ്വന്തം ലേഖകന്‍ 14-06-2018 - Thursday

ന്യൂയോർക്ക്: ക്രിസ്തുവിലുള്ള വിശ്വാസത്തിനായി സഹനങ്ങള്‍ ഏറ്റുവാങ്ങിയവരുടെ സ്മരണയില്‍, നിര്‍മ്മിച്ച ലോകത്തിലെ പ്രഥമ ദേവാലയം അമേരിക്കയില്‍ കൂദാശ ചെയ്തു. ന്യൂയോർക്കിലെ മാൻഹട്ടൻ സെന്‍റ് മൈക്കിൾ ഇടവകയ്ക്കു കീഴിലാണ് 'ഔർ ലേഡി ഓഫ് അരാധിൻ' എന്ന പേരില്‍ ദേവാലയം തുറന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വെഞ്ചിരിപ്പ് കർമ്മങ്ങളോടെ ദേവാലയം വിശ്വാസികൾക്ക് തുറന്ന് കൊടുത്തത്. മതസ്വാതന്ത്ര്യത്തിന്റെ സമ്മാനമാണ് ദേവാലയമെന്ന് ന്യൂയോർക്ക് അതിരൂപത അദ്ധ്യക്ഷൻ കർദ്ദിനാൾ തിമോത്തി ഡോളൻ അഭിപ്രായപ്പെട്ടു. ന്യൂയോർക്കിന്റെ ഹൃദയത്തിലേക്ക് പരിശുദ്ധ അമ്മയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

മതമര്‍ദ്ദനം മൂലം ക്രൈസ്തവ വിശ്വാസത്തെ പ്രതി രക്തസാക്ഷികളായവരുടെ ഓർമ്മയ്ക്കു നിര്‍മ്മിക്കുന്ന ലോകത്തിലെ ആദ്യത്തെ ദേവാലയമാണിതെന്ന് നിര്‍മ്മാണത്തിന് നേതൃത്വം വഹിച്ച ഫാ. ബെനഡിക്റ്റ് കില്ലി പറഞ്ഞു. വിശ്വാസ തീക്ഷ്ണതയുടെ ഉത്തമ മാതൃകയാണ് മത പീഡനമനുഭവിക്കുന്ന ക്രൈസ്തവരുടേത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നവർക്കും അതിന് വേണ്ടി ജീവൻ വെടിയുന്നവർക്കും പ്രാർത്ഥിക്കാൻ ദേവാലയം ഉപയോഗിക്കാമെന്ന് ഫാ. കില്ലി കൂട്ടിച്ചേര്‍ത്തു. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിൽ ക്രിസ്തുവിനായി ജീവൻ വെടിയുന്ന വിശ്വാസി സമൂഹവും അതേസമയം പാശ്ചാത്യ രാജ്യങ്ങളിലെ മതേതര സംസ്കാരവും ഒരുപോലെ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദ ആക്രമണം മൂലം മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവ വിശ്വാസിയാണ് 'ഔർ ലേഡി ഓഫ് അരാധിൻ' എന്ന ചിത്രം ദേവാലയത്തിൽ പൂർത്തിയാക്കിയത്. ചിത്രത്തിന് താഴെ 'പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കണമേ' എന്ന വാക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഗോൾഡൻ നിറത്തിലെ ചിത്രത്തിൽ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന യേശു സംസാരിച്ചിരുന്ന 'അറമായ' ഭാഷയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേവാലയം നിർമ്മാണത്തിന് നേതൃത്വം വഹിച്ച അരാധിൻ ചാരിറ്റബിൾ ട്രസ്റ്റിന് ഇതേ നാമത്തില്‍ മറ്റൊരു ദേവാലയവും കൂടി പണിയാൻ പദ്ധതി തയാറാക്കുന്നുണ്ട്.


Related Articles »