News - 2024

അൽഫോൻസാ: സഹന ശയ്യകളെ ബലിപീഠമാക്കിയവൾ | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 25

സി. റെറ്റി FCC 25-07-2024 - Thursday

"കുരിശ് തന്നാണ് ഈശോ സ്നേഹിക്കുന്നത് സ്നേഹിക്കുന്നവർക്കാണ് കൂടുതൽ കുരിശുകളും സങ്കടങ്ങളും അവിടുന്ന് നൽകുക. സഹിക്കുന്നത് എനിക്ക് സന്തോഷമാണ്. സഹിക്കാൻ ലഭിക്കാത്ത ദിവസം ശൂന്യമായിട്ടാണ് എനിക്ക് തോന്നുന്നത്"- വിശുദ്ധ അൽഫോൻസ.

സഹനം -അത് എക്കാലത്തും മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായി നിലകൊള്ളുന്നു. പൂരിപ്പിക്കാനാവാത്ത സമസ്യ, ഉത്തരമില്ലാത്ത ചോദ്യം, അർത്ഥം കാണാൻ ആവാത്ത യാഥാർത്ഥ്യം ഇങ്ങനെയൊക്കെ സഹനത്തെ വിശേഷിപ്പിക്കുമ്പോൾ അത് നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നില്ല എന്ന് വ്യക്തം. സഹനത്തിനു മുൻപിൽ നിസ്സഹായരായി നിന്നുകൊണ്ട് എന്തുകൊണ്ട് എന്ന് ചോദിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല.

എന്തുകൊണ്ട്'? എനിക്ക് ഇങ്ങനെ സംഭവിച്ചു എന്ന് സഹനത്തിന്റെ കാരണങ്ങളെ കുറിച്ചുള്ള ചോദ്യമാകാമത്. എന്തിനുവേണ്ടി ഇത് സംഭവിച്ചത് എന്ന് സഹനത്തിന്റെ ലക്ഷ്യം തേടിയുള്ള അന്വേഷണവുമാകാം. എന്നാൽ അർത്ഥം കിട്ടാതെയുള്ള ഈ ചോദ്യത്തിന് മുമ്പിൽ ഈശോയുടെ കുരിശിലേക്ക് നോക്കിയാണ് അൽഫോൻസാമ്മ തന്റെ സഹനത്തിന്റെ അർത്ഥം ഹൃദ്യസ്ഥമാക്കിയത്.

ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചുപോയ അന്നക്കുട്ടി പേരമ്മയുടെ കർക്കശമായ ശിക്ഷണത്തിൽ വളർന്നുവന്നു. കുഞ്ഞ് ചെറുപ്പം മുതൽ സഹനത്തിന്റെ വേദനകൾ അനുഭവിക്കുകയായിരുന്നു. തന്റെ രോഗാവസ്ഥയുടെ വേദനകളും അസ്വസ്ഥതകളും അൽഫോൻസാമ്മയെ ദുഃഖിപ്പിച്ചില്ല, നിരാശയാക്കിയില്ല, മറിച്ച് സഹനത്തിന്റെ ശയ്യ തന്നെ ദൈവത്തിന് സമർപ്പിക്കാനുള്ള ബലിപീഠമാക്കി. "നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത് നമ്മുടെ ദുഃഖങ്ങൾ ആണ് അവൻ ചുമന്നത് "(Isaih53/4). "നമ്മുടെ അകൃത്യങ്ങൾക്ക് വേണ്ടി അവൻ മുറിവേൽപ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യ ങ്ങൾക്ക് വേണ്ടി ക്ഷത മേൽപ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നൽകി അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു "(Isiah:53/5).

കർത്താവിന്റെ സഹനമാണ് ആവേശപൂർവ്വം ജീവിത ക്ലേശങ്ങളും രോഗാവസ്ഥയും എല്ലാം വിശ്വാസത്തിന്റെ വെളിച്ചത്തിൽ സ്വീകരിക്കുവാൻ അവളെ പ്രാപ്തയാക്കിയത്. നവ സന്യാസിനിമാരോട് ഒരു ദിവസം സഹനത്തെപ്പറ്റി അൽഫോൻസാമ്മ പറഞ്ഞു ഗോതമ്പുമണികൾ പൊടിച്ചുണ്ടാക്കുന്ന വെണ്മയേറിയ മാവ് വീണ്ടും അഗ്നിയിൽ പാകം ചെയ്യപ്പെട്ട് ഓസ്തിയാകുന്നു. അഴിയാനും പൊടിയാനും ഞെരുക്കത്തിന്റെ വഴിയിലൂടെ നടന്നു നീങ്ങാനും തയ്യാറായാൽ മാത്രമേ നമ്മിൽ ഈശോയുടെ മുഖച്ഛായ പതിയൂ. മുന്തിരിപ്പഴങ്ങൾ ചക്കിലിട്ട് ഞെരിക്കുമ്പോൾ നല്ല മുന്തിരിച്ചാറ് കിട്ടുന്നു. അത് സംഭരിച്ച് ശുദ്ധീകരിക്കുമ്പോൾ മേൽത്തരം വീഞ്ഞായി മാറുന്നു. അതുപോലെ കഷ്ടതകൾ കൊണ്ട് നമ്മൾ ശുദ്ധീകരിക്കപ്പെടുമ്പോൾ കർത്താവിന്റെ കരങ്ങളിലെ ശക്തമായ ഉപകരണങ്ങളായി നമ്മൾ മാറും.

മറ്റുള്ളവരുടെ രോഗങ്ങളും പീഡകളും ഏറ്റെടുക്കുവാൻ അൽഫോൻസാമ്മക്ക്‌ സാധിച്ചു. "നാം ദൈവത്തിനായി കുത്തിമിനുസപ്പെടുത്തി മിശിഹായ്ക്ക് യോജിച്ച സ്വരൂപമായി രൂപാന്തരപ്പെടേണ്ടവരാണ്..." എന്ന ബഹു. ഉർസുലാമ്മയുടെ ഉപദേശം അൽഫോൻസാമ്മക്ക് സന്തോഷം പകർന്നു. ഒരിക്കൽ അൽഫോൻസാമ്മ ഒരു സഹോദരിയോട് പറയുകയാണ്: ശരീരത്തിൽ വേദനയില്ലാത്തതായി യാതൊരു ഭാഗവുമില്ല ഈശോ എന്റെ മൂക്കിന് മാത്രം വേദന തന്നില്ല ഈശോയെ പ്രതി നമ്മൾ സഹിക്കണം സഭയുടെ ആത്മിയോന്നമനത്തിനായി നമ്മൾ സഹിക്കണം.

സഹതാപമൂലം അൽഫോൻസാമ്മയുടെ സഹനത്തിന്റെ ഒരവസരം ഒഴിവാക്കാൻ ശ്രമിച്ച ഒരു മദറിനെ തടഞ്ഞുകൊണ്ട് അവൾ പറഞ്ഞു. സന്തോഷത്തോടെ സഹിക്കാൻ ശക്തി ലഭിക്കാൻ പ്രാർത്ഥിച്ചാൽ മതി. മക്കബായ സ്ത്രീ തന്റെ മക്കളെ കൊലക്കളത്തിലേക്ക് ധൈര്യപ്പെടുത്തി വിട്ടത് പോലെ മദറും ചെയ്യുക.എന്നെ സഹനത്തിന് ഒരുക്കുക.

ആത്മാവാകുന്ന നിർമ്മലമായ പട്ടുതുവാല സ്നേഹത്തിന്റെയും സഹനത്തിന്റെയും പരിമളത്തിൽ അൽഫോൻസാമ്മ മുക്കിയെടുത്തു. വേറോനിക്കായെ പോലെ കർത്താവിന്റെ നിണമൊഴുകുന്ന തിരുമുഖം അതുകൊണ്ട് തുടച്ചു. ദിവ്യ നാഥന്റെ ത്യാഗത്തിലും സഹനത്തിലും അങ്ങനെ അവർ ഭാഗഭാക്കായി. പാലാ രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഇപ്രകാരം അൽഫോൻസാമ്മയെപ്പറ്റി പറയുന്നത് ശ്ലാഘനീയമാണ്: ജീവിതത്തെ സുവിശേഷം ആക്കി മാറ്റിയ ഒരു അപൂർവ്വ വ്യക്തിയായിരുന്നു അൽഫോൻസാമ്മ.

അൽഫോൻസാമ്മയുടെ സഹനത്തിന്റെ കാഠിന്യമല്ല സഹിച്ച വിധമാണ് അതിനെ ശ്രേഷ്ഠമാക്കി തീർത്തത്. എല്ലാറ്റിലും എല്ലായിടത്തും ദൈവഹിതം മാത്രം കണ്ടുകൊണ്ട് സ്നേഹത്തോടും സന്തോഷത്തോടും കൂടി അവൾ സഹിച്ചു. നമ്മൾ സുഖമായിരിക്കുമ്പോഴല്ല,ക്ഷീണിതരും ദുഃഖിതരും ആയിരിക്കുമ്പോഴാണ് ദൈവം നമ്മോട് കൂടുതൽ അടുത്തായിരിക്കുന്നത്. ആത്മാവിന്റെ രോഗം സുഖമാക്കാനായി അവിടുന്ന് ശരീരത്തിന്റെ രോഗങ്ങളെ അയച്ചു തരുന്നു.

ക്ലേശങ്ങളുടെ ഇരുൾ വീണ പകലുകളിൽ നെഞ്ചുപൊട്ടി കരയുന്ന പതിർക്ക് അൽഫോൻസാമ്മ സുഖമാണ്, ജ്ഞാനമാണ്, ശക്തിയാണ്, അത്ഭുതമാണ്. സുദീർഘമായ രക്ഷാചരിത്രമാണ് ബൈബിൾ. അതിനുമുകളിൽ വച്ചിരിക്കുന്ന കൈപ്പുസ്തകമാണ് അൽഫോൻസാമ്മ. ഹൃസ്വ ജീവിതമുള്ള രോഗികൾക്കും കാഴ്ച നഷ്ടപ്പെട്ട പാപികൾക്കും ഒക്കെ ക്രിസ്തുവിന്റെ സ്നേഹം വേഗം സാധിച്ചെടുക്കാൻ കാലം എഴുതി നൽകിയ സുവിശേഷത്തിന്റെ കൈപുസ്തകമാണവൾ. രോഗങ്ങളെയും സഹനവേദനകളെയും ഒഴിവാക്കാൻ നെട്ടോട്ടമോടുന്ന വർത്തമാനകാല ജനതയ്ക്ക് മുമ്പിൽ അവൾ സഹനങ്ങളെ സങ്കീർത്തനങ്ങൾ ആക്കി.. സഹനങ്ങളെ സ്നേഹത്തോടെ പുൽകുവാൻ, കർത്താവിന്റെ സ്നേഹം കൂടുതൽ അനുഭവിക്കുവാൻ സഹനങ്ങൾ നമുക്കും കാരണമാകട്ടെ. അതിനുള്ള അനുഗ്രഹത്തിനായി അൽഫോൻസാമ്മയോട് നമുക്ക് പ്രാർത്ഥിക്കാം.