News - 2024

യു‌കെയെ മാറ്റി മറിച്ചത് ക്രൈസ്തവ വിശ്വാസം: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്

സ്വന്തം ലേഖകന്‍ 21-06-2018 - Thursday

ലണ്ടന്‍: കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ സുവിശേഷ മൂല്യങ്ങളും പ്രബോധനങ്ങളും വഴി ക്രൈസ്തവ വിശ്വാസമാണ് യുകെയെ മാറ്റിമറിച്ചതെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ഇന്നലെ ബുധനാഴ്ച പാര്‍ലമെന്റിന്റെ വെസ്റ്റ്‌മിന്‍സ്റ്റര്‍ ഹാളില്‍ വെച്ച് നടന്ന 'നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റില്‍' സന്ദേശം നല്‍കുകയായിരിന്നു പ്രധാനമന്ത്രി. സമൂഹത്തിന്റെ നന്മക്കായി ക്രിസ്ത്യാനികള്‍ പൊതുജീവിതത്തില്‍ സജീവമാകണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

ഇന്നത്തെ സാമൂഹ്യ ജീവിതത്തില്‍ ക്രിസ്ത്യാനികള്‍ക്ക് വഹിക്കുവാന്‍ കഴിയുന്ന പങ്കിനെക്കുറിച്ചും, രാജ്യത്തിന് ക്രിസ്ത്യാനികള്‍ നല്‍കിയ സംഭാവനകളെക്കുറിച്ചും പറയുവാന്‍ പറ്റിയ ഏറ്റവും നല്ല അവസരമാണെന്നാണ് നാഷണല്‍ പ്രെയര്‍ ബ്രേക്ക് ഫാസ്റ്റിനെ തെരേസാ മെയ് വിശേഷിപ്പിച്ചത്. രാഷ്ട്രരൂപീകരണത്തില്‍ ക്രൈസ്തവ വിശ്വാസത്തിന് നിര്‍ണ്ണായക സ്വാധീനമാണുള്ളത്. നിയമരൂപീകരണം, സംസ്കാരം, സാമൂഹ്യ ജീവിതം എന്നിവയില്‍ ക്രിസ്തീയതയുടെ സ്വാധീനം പ്രകടമാണ്. നിങ്ങള്‍ പാര്‍ലമെന്റംഗമോ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയോ എന്തുമാകട്ടെ ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ജനങ്ങളുടെ നന്മക്കായി പൊതു ജീവിതത്തില്‍ സജീവമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്തുതിഗീതങ്ങളും പ്രത്യേക പ്രാര്‍ത്ഥനകളും നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റിന്റെ ഭാഗമായി നടന്നു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വര്‍ഷം തോറും സംഘടിപ്പിക്കാറുള്ളതാണ് 'നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റ്'. ഇക്കൊല്ലത്തെ പ്രാര്‍ത്ഥനാ യോഗത്തില്‍ തെരേസാ മേക്ക് പുറമേ 170 പാര്‍ലമെന്റ്, ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗങ്ങള്‍, സഭാ നേതാക്കള്‍ എന്നിവരുള്‍പ്പെടെ 470 പേര്‍ പങ്കെടുത്തു. അമേരിക്കന്‍ പ്രിസ്ബൈറ്റേറിയന്‍ പാസ്റ്ററായ ടിം കെല്ലറാണ് മുഖ്യ പ്രഭാഷണം നടത്തിയത്.


Related Articles »