News - 2025
ക്രൈസ്തവ വിശ്വാസത്തെ അഭിമാനപൂര്‍വ്വം ഉയര്‍ത്തി പിടിക്കുവാന്‍ നമുക്ക് സാധിക്കണം: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്
സ്വന്തം ലേഖകന്‍ 03-03-2017 - Friday
ലണ്ടന്‍: ലോകമെമ്പാടും പീഡനം അനുഭവിക്കുന്ന ക്രൈസ്തവരോടുള്ള ഐക്യദാര്‍ഢ്യം പരസ്യമായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രംഗത്ത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നുവെന്നത് നിരാശജനകമായ സംഭവമാണെന്നും ക്രൈസ്തവ വിശ്വാസത്തെ അഭിമാനപൂര്‍വ്വം ഉയര്‍ത്തി പിടിക്കുവാന്‍ നമുക്ക് സാധിക്കണമെന്നും അവര്‍ പറഞ്ഞു.
ഡൗണിംഗ് സ്ട്രീറ്റില്‍ ക്രൈസ്തവ നേതാക്കന്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് പീഡനം അനുഭവിക്കുന്ന ക്രൈസ്തവരോടുള്ള തന്റെ ഐക്യദാര്‍ഢ്യം തെരേസ മെയ് പരസ്യമായി പ്രകടിപ്പിച്ചത്.
"ലോകത്തിന്റെ വിവിധ കോണുകളില്‍ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നുവെന്നത് നിരാശജനകമായ സംഭവമാണ്. തങ്ങളുടെ വിശ്വാസം പിന്‍തുടരുവാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായി നാം എല്ലായ്‌പ്പോഴും നിലകൊള്ളണം. ഇതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം".
"ക്രിസ്തുവിലുള്ള വിശ്വാസം തുറന്നു പ്രകടിപ്പിക്കുന്നതിനുള്ള സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്ന കാര്യം നാം ഉറപ്പ് വരുത്തണം. നമ്മിലെ ക്രൈസ്തവ വിശ്വാസത്തെ അഭിമാനപൂര്‍വ്വം ഉയര്‍ത്തി പിടിക്കുവാന്‍ നമുക്ക് സാധിക്കണം". തെരേസ മെയ് പറഞ്ഞു.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദികന്റെ മകള്‍ കൂടിയായ തെരേസ മെയ്, തന്റെ ക്രൈസ്തവ വിശ്വാസം പൊതുവേദികളില്‍ ഇതിനു മുമ്പും തുറന്നു പറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിലെ വിവിധ ക്രൈസ്തവ സഭകളുടെ അധ്യക്ഷന്‍മാര്‍ ഡൗണിംഗ് സ്ട്രീറ്റിലെ പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. യുകെയിലെ കത്തോലിക്ക സഭയുടെ തലവനായ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ്, ലണ്ടന്‍ ബിഷപ്പ് റിച്ചാര്‍ഡ് ചാര്‍ട്രസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അടുത്തിടെ ബ്രിട്ടനില്‍ അഭയാര്‍ത്ഥികളായ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് ചില പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ കാന്‍റര്‍ബറി ബിഷപ്പ് വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ ചില തീരുമാനങ്ങളോട് സഭയ്ക്കും, സഭയുടെ ചില തീരുമാനങ്ങളോട് സര്‍ക്കാരിനും വിയോജിപ്പുകള്‍ ഉണ്ടാകുമെന്നാണ് ഈ വിഷയത്തില്‍ തെരേസ മെയ് പ്രതികരിച്ചത്. ക്രൈസ്തവവിശ്വാസത്തിന് യുകെയില്‍ വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കുമെന്ന വാക്കുകളോടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.