News

"സുവിശേഷത്താല്‍ നാം സഹോദരങ്ങള്‍": ക്രൈസ്തവ ഐക്യത്തിന് ആഹ്വാനവുമായി മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 22-06-2018 - Friday

ജനീവ: സുവിശേഷത്താല്‍ വിവിധ സഭകള്‍ സഹോദരങ്ങളാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ക്രൈസ്തവ സഭകളുടെ ഐക്യത്തിന് ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സഭകള്‍ക്ക് ഒരുമിച്ചു ജീവിക്കാനാകണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ സഹായം അനിവാര്യമാണെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ്മയായ വേ​​ൾ​​ഡ് കൗ​​ൺ​​സി​​ൽ ഓ​​ഫ് ച​​ർ​​ച്ച​​സി​​ന്‍റെ (ഡബ്ല്യു‌സി‌സി) ​​എ​​ഴു​​പ​​താം വാ​​ർ​​ഷി​​കം പ്ര​​മാ​​ണി​​ച്ച് സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ജ​​​നീ​​​വ​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്രാ​​​ർത്ഥ​​​നാ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.

നമ്മുടെ ഇടയിലുള്ള വ്യത്യാസങ്ങള്‍ ഒഴിവുകഴിവുകളാക്കരുത്. നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം, സുവിശേഷം പ്രഘോഷിക്കാം, സഹോദരങ്ങള്‍ക്ക് നന്മചെയ്യാം! ഇതാണ് ദൈവത്തിന്റെ ഇഷ്ട്ടം. ഒരുമിച്ച് നടക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അവിടുത്തേ ഇഷ്ടമാണ്. ഈ കൂട്ടായ്മയുടെ വഴിയിലേയ്ക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഇത് ഐക്യത്തിന്‍റെ പാതയാണ്. അത് കൂട്ടായ്മയിലേയ്ക്കും സമാധാനത്തിലേയ്ക്കും നമ്മെ നയിക്കും. ഇന്നത്തെ കീറിമുറിക്കപ്പെട്ട ലോകവും അതിലെ ബഹുഭൂരിപക്ഷം പാവങ്ങളും പാര്‍ശ്വത്ക്കരിക്കപ്പെട്ടവരും നമ്മോടു ഐക്യത്തിനു വേണ്ടിയാണ് യാചിക്കുന്നത്.

ഞാന്‍ ജനീവയിലെത്തിയത് ഐക്യത്തിനും സമാധാനത്തിനുമുള്ള ദാഹവുമായിട്ടാണ്. ഈ യാത്രയില്‍ സഭൈക്യകൂട്ടായ്മയെ കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. കാരണം, നിങ്ങള്‍ ഐക്യത്തിന്‍റെ പാതയില്‍ ചരിക്കുന്നവരും ജീവിക്കുന്നവരുമാണ്. നമുക്ക് ഒരുമിച്ചു നടക്കാം...! കൂട്ടായ്മയില്‍ അനുഗ്രഹമുണ്ടാകാന്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം. ക്രിസ്തുവിന്‍റെ കുരിശ് നമ്മുടെ പാതങ്ങള്‍ക്ക് മാര്‍ഗ്ഗദീപമാവട്ടെ. വിഭാഗീയതയുടെയും ശത്രുതയുടെയും ഭിത്തികളെ ക്രിസ്തുവാണ് തകര്‍ത്തത്. യേശുവിന്റെ സ്നേഹത്തില്‍ നിന്നും ഒന്നും നമ്മെ വേര്‍തിരിക്കാതിരിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. നേരത്തെ ജനീവയില്‍ എത്തിയ മാര്‍പാപ്പ പാലേക്സ്പോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷമാണ് ഡബ്ല്യു‌സി‌സി ആസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.

ഡബ്ല്യു‌സി‌സി സെക്രട്ടറി ജനറല്‍ ഓലാവ് ഫിക്സെ ത്വൈതിന്റെ സ്വാഗതാശംസയെ തുടര്‍ന്നു അനുതാപശുശ്രൂഷ, അനുരഞ്ജന ഗാനാലാപനം, വചനപാരായണം എന്നിവ നടന്നു. തുടര്‍ന്നാണ് ഫ്രാന്‍സിസ് പാപ്പ സന്ദേശം നല്‍കിയത്. 1948- ല്‍ രൂപീകരിച്ച സംഘടനയില്‍ ഓര്‍ത്തഡോക്‌സ്, ആംഗ്ലിക്കന്‍, ലൂഥറന്‍, ബാപ്റ്റിസ്റ്റ്, മെത്തഡിസ്റ്റ് തുടങ്ങിയ വിഭാഗങ്ങള്‍ അംഗങ്ങളാണ്. കത്തോലിക്ക സഭ സമിതിയില്‍ അംഗമല്ലെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. 110 രാജ്യങ്ങളില്‍ നിന്നായി 560 മില്ല്യന്‍ ആളുകളെയാണ് 'ദി വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്' പ്രതിനിധീകരിക്കുന്നത്.


Related Articles »