News - 2025
നിക്കരാഗ്വയില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ ദിവ്യകാരുണ്യ പ്രദക്ഷിണവുമായി സഭാനേതൃത്വം
സ്വന്തം ലേഖകന്‍ 23-06-2018 - Saturday
മസായ, നിക്കരാഗ്വ: മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വെയുടെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ നയ മാറ്റ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ കത്തിപടര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നു സംഘര്‍ഷഭരിതമായ മസായ നഗരത്തില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ദിവ്യകാരുണ്യ പ്രദക്ഷിണവുമായി സഭാനേതൃത്വം. ഇക്കഴിഞ്ഞ വ്യാഴാഴ്ച മസായ നഗരത്തിലൂടെയാണ് പ്രാര്‍ത്ഥനയും, സമാധാന അഭ്യര്‍ത്ഥനയുമായി കത്തോലിക്കാ സഭാനേതൃത്വം ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയത്. മസായയില്‍ തന്നെ ജനിച്ചുവളര്‍ന്ന ബിഷപ്പ് ബയേസാണ് സമാധാന ജാഥക്ക് നേതൃത്വം നല്‍കിയത്.
ദിവ്യകാരുണ്യവും വഹിച്ചുകൊണ്ട് നടത്തിയ സമാധാന ജാഥ കാണുവാനായി നൂറുകണക്കിന് ആളുകളാണ് തെരുവില്‍ തടിച്ചു കൂടിയത്. മുട്ടിന്‍മേല്‍ നിന്നുകൊണ്ടായിരുന്നു ആളുകള്‍ ജാഥയെ വരെവേറ്റത്. തങ്ങള്‍ നേരിടുന്ന ക്ളേശം ദിവ്യകാരുണ്യ നാഥന് മുന്നില്‍ കണ്ണീരായി പലരും സമര്‍പ്പിച്ചു. ജാഥ സാന്‍ സെബാസ്റ്റ്യന്‍ ദേവാലയത്തിലെത്തിയപ്പോള്‍ ബിഷപ്പ് ബയേസ് സന്ദേശം നല്‍കി. മസായയെ ‘രക്തസാക്ഷിത്വ’ നഗരമെന്നാണ് മെത്രാന്‍ വിശേഷിപ്പിച്ചത്. തെരുവുകളിലൂടെ നടക്കുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള മുറവിളികള്‍ താന്‍ കേള്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കപ്പെടുവാന്‍ കഠിന പ്രയത്നവുമായി കത്തോലിക്ക സഭ രംഗത്തുണ്ട്. അക്രമത്തെ അക്രമം കൊണ്ട് നേരിടുവാന്‍ കഴിയുകയില്ലെന്നും ഓരോ കൊലപാതകവും ദൈവത്തിനുനേരെയുള്ള വെല്ലുവിളിയാണെന്നും ആര്‍ച്ച് ബിഷപ്പ് സോമ്മര്‍ടാഗ് പറഞ്ഞു. സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കര്‍ദ്ദിനാള്‍ ബ്രെനെസ് പോലീസ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അറസ്റ്റിലായ സാധാരണക്കാരുടെ മോചനം ഉടനെയുണ്ടാകുമെന്ന് കര്‍ദ്ദിനാള്‍ ബ്രെനെസിനും ന്യൂണ്‍ഷ്യോക്കും പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഇക്കഴിഞ്ഞ ഏപ്രില്‍ 18-ന് സാമൂഹിത സുരക്ഷിതത്വ നയങ്ങളിലും, പെന്‍ഷന്‍ പദ്ധതികളിലും നിക്കരാഗ്വെന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ മാറ്റം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തു അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്. നാല്‍പ്പതോളം പ്രതിഷേധക്കാര്‍ സുരക്ഷാ സേനയാല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു പ്രതിഷേധം കാട്ടുതീ പോലെ പടരുകയും ശക്തിയാര്‍ജ്ജിക്കുകയുമായിരുന്നു. ജൂണ്‍ 19-ന് സര്‍ക്കാരുമായി ബന്ധമുള്ള പാരാമിലിട്ടറി വിഭാഗം മസായ നഗരത്തില്‍ പ്രവേശിച്ചു പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയത് ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമായി. സംഘര്‍ഷത്തേ തുടര്‍ന്നു രാജ്യത്താകമാനമായി ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൌദ്യോഗിക കണക്ക്.