News - 2025
സമാധാന ഉടമ്പടി സ്മാരകമായി കൊറിയന്‍ അതിര്‍ത്തിയില്‍ പുതിയ ദേവാലയം
സ്വന്തം ലേഖകന്‍ 25-06-2018 - Monday
പ്യോംങ്യാംഗ്: ഉത്തര ദക്ഷിണ കൊറിയകളുടെ സമാധാന ഉടമ്പടിയുടെ സ്മാരകമായി കൊറിയന്‍ അതിര്‍ത്തിയില്‍ ദേവാലയ നിർമ്മാണം ആരംഭിച്ചു. പാൻമുൻജമ്മിനു കീഴിലുള്ള ട്രൂസ് ഗ്രാമത്തിലെ ജോയിന്റ് സെക്യൂരിറ്റി ഏരിയയിലാണ് ദേവാലയം നിര്‍മ്മിക്കുന്നത്. പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ജൂൺ അഞ്ചിന് ബിഷപ്പ് ഫ്രാൻസിസ് സേവ്യർ യു സൂ ഇലിന്റെ അദ്ധ്യക്ഷതയിലാണ് നിർവ്വഹിക്കപ്പെട്ടത്. ദൈവത്തിന്റെ കൃപയുടെ ദാനമാണ് പുതിയ ചാപ്പലെന്നും യുദ്ധകെടുതികൾ നേരിട്ട രാഷ്ട്രത്തിൽ സമാധാന ചിഹ്നമായി ദേവാലയം നിലനില്‍ക്കുമെന്നും ബിഷപ്പ് സേവ്യർ പറഞ്ഞു. രാഷ്ട്ര തലവന്മാരുടെ അനുരജ്ഞന ഉടമ്പടി ഉടൻ നടപ്പിലാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇരുകൊറിയൻ സഭകളുടേയും ഐക്യത്തിനായി പ്രാർത്ഥിക്കണം. ട്രൂസ് ഗ്രാമത്തിലെ സുരക്ഷ ഉദ്യോഗസ്ഥർക്ക് ആത്മീയ ഉണർവിന് ദേവാലയം സഹായകമാണ്. സന്ദർശകർക്ക് അനുഗ്രഹമായി ദേവാലയം ഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാർത്ഥനകൾ വഴി കൊറിയയിൽ സമാധാനം സ്ഥാപിതമാകട്ടെയെന്നു യുഎൻ കമ്മാന്റർ ലഫ്.കേണൽ മാത്യു ഫാർമറും പ്രത്യാശ പ്രകടിപ്പിച്ചു. പാൻമുൻജം സമാധാന ഉടമ്പടിയെ തുടർന്ന് 1958 ൽ പണിത സ്മാരകത്തിന് പകരമാണ് ദേവാലയം നിർമ്മിക്കുന്നത്. നൂറോളം വിശ്വാസികളെ ഉൾകൊള്ളാനാകും വിധം രണ്ടായിരത്തോളം ചതുരശ്ര മീറ്ററിൽ ഒരു നില ദേവാലയ കെട്ടിടം അടുത്ത മാർച്ചോടെ പൂർത്തിയാക്കാനാണ് പദ്ധതി.