News - 2025

നൈജീരിയയില്‍ കടുത്ത ക്രൈസ്തവ വംശഹത്യ; 2043-ല്‍ ക്രൈസ്തവ ഉന്മൂലനം പൂര്‍ണ്ണമാകുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍ 27-06-2018 - Wednesday

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയായിലെ ക്രൈസ്തവർ കടുത്ത വംശഹത്യയ്ക്കാണ് ഇരയാകുന്നതെന്നും നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവ വിശ്വാസികളുടെ ഉന്മൂലനം പൂര്‍ണ്ണമാകുമെന്നും മുന്നറിയിപ്പ്. ലാഗോസിൽ നടന്ന കത്തോലിക്ക മെൻസ് ഗിൽഡ് കോൺഫറൻസിൽ നാഷണൽ ക്രിസ്ത്യൻ എൽഡേഴ്സ് ഫോറം സെക്രട്ടറിയായ ബോസൺ ഇമ്മാനുവേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രൈസ്തവര്‍ക്ക് നേരെ കടുത്ത ആക്രമണങ്ങളാണ് രാജ്യത്തു ഉണ്ടാകുന്നതെന്നും ഏതാനും വർഷങ്ങൾക്കകം ക്രിസ്ത്യാനികള്‍ നൈജീരിയയിൽ നിന്നും പൂർണമായി ഇല്ലാതാകുമെന്നും അദ്ദേഹം വിവരിച്ചു.

നൈജീരിയൻ ക്രൈസ്തവ സമൂഹം വംശഹത്യയുടെ ഭീതിയിലാണ്. ജനസംഖ്യയിൽ പകുതിയോളം വരുന്ന ക്രൈസ്തവരെ ബൊക്കോ ഹറാമും മറ്റ് ഇസ്ലാമിക തീവ്രവാദ സംഘടനകളും ആക്രമണത്തിലൂടെ ഇല്ലാതാക്കുവാന്‍ ശ്രമം തുടരുകയാണ്. ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന ഗ്രാമീണ കര്‍ഷകര്‍ക്ക് നേരെ മുസ്ലിം ഫുലാനി ഹെര്‍ഡ്സ്മാന്‍ സംഘം നടത്തിയ ആക്രമണങ്ങളിൽ നൂറോളം വിശ്വാസികളാണ് അടുത്തിടെ കൊല്ലപ്പെട്ടത്. ശരിയത്ത് പ്രത്യയശാസ്ത്രത്തിന്റെ ആവിർഭാവത്തോടെ രാജ്യത്ത് കത്തോലിക്ക സഭക്കു നേരെ ആക്രമണം രൂക്ഷമാകുകയായിരിന്നു.

തീവ്രവാദികള്‍ നടത്തുന്ന ആക്രമത്തെ പ്രതിരോധിക്കുവാന്‍ കഴിയാത്ത ഭരണകൂടത്തിന്റെ ക്രൈസ്തവ വിരുദ്ധ അജണ്ട രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ക്രൈസ്തവ സംഘടനകളുടെ പ്രവർത്തനം ശക്തമാക്കണം. നരഹത്യ തുടരുന്ന പക്ഷം അടുത്ത ഇരുപത്തിയഞ്ച് വർഷത്തിനുള്ളിൽ നൈജീരിയ ക്രൈസ്തവ രഹിത രാഷ്ട്രമാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ജനാധിപത്യത്തിന്റെ നേതൃത്വനിരയിൽ ക്രൈസ്തവരുടെ പങ്കാളിത്തം ആവശ്യമാണെന്നും ഇമ്മാനുവേൽ അഭിപ്രായപ്പെട്ടു. നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരിന്നു.


Related Articles »