India - 2024

ലഹരിക്കെതിരെ പ്രതികരിക്കുന്ന പുതിയ തലമുറ വളര്‍ന്നുവരണം: ബിഷപ്പ് പോള്‍ മുല്ലശേരി

സ്വന്തം ലേഖകന്‍ 28-06-2018 - Thursday

കൊല്ലം: സമൂഹത്തില്‍ സര്‍വനാശം വിതയ്ക്കുന്ന ലഹരി വിപത്തിനെതിരേ പ്രതികരിക്കുന്ന പുതിയ തലമുറ വളര്‍ന്നുവരണമെന്ന് ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ കെസിബിസി മദ്യവിരുദ്ധ സമിതി രൂപതാ കമ്മിറ്റി നടത്തുന്ന ലഹരി വിമുക്ത കാന്പസ് ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബാല്യത്തില്‍ തന്നെ ആരംഭിക്കുന്ന മദ്യപാനവും ലഹരിശീലങ്ങളും യുവത്വത്തിലും മറ്റ് ജീവിത കാലഘട്ടത്തിലും മാരകമായി തീരുന്നത് ഏറെ ദുഖകരമാണ്. വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗവും ഇതുമൂലം ഉണ്ടാകുന്ന അനുബന്ധ പ്രശ്‌നങ്ങളും ഇന്നും കുടുംബങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ ഏറെയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് മാന്യതയല്ലെന്നും കുടുംബത്തിനും സമൂഹത്തിനും ഉപദ്രമാണെന്നുള്ള സത്യം വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര പ്രാധാന്യമാണുള്ളത്. വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി സജീവമായിരിക്കുന്ന മയക്കുമരുന്ന് ലോബിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമിതി രൂപതാ ഡയറക്ടര്‍ ഫാ.ടി.ജെ.ആന്റണി അധ്യക്ഷത വഹിച്ചു. മേയര്‍ വി.രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സില്‍വി ആന്റണി ലഹരിവിരുദ്ധ സന്ദേശം നല്‍കി. സമിതി സംസ്ഥാന സെക്രട്ടറി യോഹന്നാന്‍ ആന്റണി, രൂപതാ പ്രസിഡന്റ് തോപ്പില്‍ ജി.വിന്‍സന്റ്, സെക്രട്ടറി കെ.ജി.തോമസ്, പ്രോഗ്രാം സെക്രട്ടറി എ.ജെ.ഡിക്രൂസ്, ലീന്‍ ബെര്‍ണാഡ്, ഇഗ്‌നേഷ്യസ് സെറാഫിന്‍, ബിനു ശെല്‍വം, ബി.സെബാസ്റ്റ്യന്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മേഴ്‌സി ഗോമസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »