News - 2025
ക്രൈസ്തവ നരഹത്യ; നൈജീരിയൻ പ്രസിഡന്‍റിനെതിരെ പ്രതിഷേധം വ്യാപകം
സ്വന്തം ലേഖകന്‍ 03-07-2018 - Tuesday
അബൂജ: നൈജീരിയയില്‍ ക്രൈസ്തവ നരഹത്യ തടയുന്നതിൽ നടപടിയെടുക്കാത്ത പ്രസിഡന്റ് മുഹമ്മദ് ബുഹാരിയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സെന്‍ട്രല്‍ നൈജീരിയയിൽ മുസ്ളിം ഫുലാനി സംഘം നടത്തുന്ന ക്രൈസ്തവ നരഹത്യ തടയുന്നതിൽ പരാജിതനായ പ്രസിഡന്റ് രാജി വയ്ക്കണമെന്ന് മുൻ ലാഗോസ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ അന്തോണി ഒലുബുൻമി ഒകോഗി ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ ഭരണകൂടത്തിന് വീഴ്ച പറ്റിയെന്നും തുടർന്ന് വരുന്ന മൂന്ന് വർഷവും സ്ഥിതി തുടരുന്നതിനേക്കാൾ സ്ഥാനം രാജി വച്ച് ഒഴിയുന്നതാണ് നല്ലതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
രാജ്യത്ത് നിഷ്കളങ്കരായ നിരവധി പേർ വധിക്കപ്പെടുമ്പോഴും ഭരണാധികാരിയുടെ നിശബ്ദത ചോദ്യം ചെയ്യപ്പെടണം. പൗരന്മാർക്ക് ഭരണഘടന ഉറപ്പു വരുത്തുന്ന സംരക്ഷണം ലഭിക്കാത്ത പക്ഷം പ്രസിഡന്റ് പുറത്തു പോകണമെന്ന് നൈജീരിയന്‍ പത്രത്തിന് നല്കിയ പ്രസ്താവനയില്‍ ഒകോഗി പറഞ്ഞു. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രസിഡന്റ് ബുഹാരിയുടെ ഭരണകൂടം യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് ലാഫിയ ബിഷപ്പ് മാത്യു ഇഷായ ഒടുവും വ്യക്തമാക്കി. ക്രൈസ്തവരുടെ പരമ്പരാഗത ഭൂമി കൈയ്യേറാനാണ് ഇസ്ളാമിക തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമം നടക്കുന്നതെന്ന് ഗാന -റോപ്പ് ഗ്രാമത്തിൽ ബൈബിൾ സ്കൂളിന് നേരെ നടന്ന ആക്രമണത്തെ ഉദ്ധരിച്ച് ഡോ.സോജ ബെവരങ്ങ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച പ്ലേറ്റോ പ്രവിശ്യയില്‍ ഫുലാനി സംഘം നടത്തിയ വെടിവെയ്പ്പില്‍ ഇരുന്നൂറോളം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. നൈജീരിയയെ ക്രൈസ്തവ മുക്തമാക്കി ഇസ്ളാമികവത്കരിക്കുകയാണ് ഫുലാനി സംഘത്തിന്റെ നീക്കമെന്ന് ക്രൈസ്തവ സംഘടനകൾ പ്രതികരിച്ചു. അതേസമയം നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണവും വംശഹത്യയും രൂക്ഷമാകുമ്പോഴും മുഖ്യധാര മാധ്യമങ്ങള്‍ മൗനം അവലംബിക്കുകയാണെന്നത് ശ്രദ്ധേയമാണ്.