News - 2025

ഗര്‍ഭഛിദ്രത്തിനെതിരെ ഫാ. ടോണി ഒറ്റയാള്‍ പോരാട്ടം ആരംഭിച്ചിട്ട് മുപ്പതു വർഷം

സ്വന്തം ലേഖകന്‍ 13-07-2018 - Friday

ഒട്ടാവ: വടക്കേ അമേരിക്കൻ രാജ്യമായ കാനഡയിലെ നിയമനിര്‍മ്മാണസഭയുടെ മുൻപിൽ ഗര്‍ഭഛിദ്രത്തിനെതിരെ കത്തോലിക്ക വൈദികന്‍ ഉപവാസ പ്രാര്‍ത്ഥന പോരാട്ടം ആരംഭിച്ചിട്ട് മുപ്പതു വർഷത്തോട് അടുക്കുന്നു. ഫാ. ടോണി വാൻ ഹി എന്ന എൺപത്തിയൊന്നു വയസുള്ള വൈദികനാണ് ജീവന്റെ മഹത്വം മറന്നു പാപത്തിന് കൂട്ടുനില്‍ക്കുന്നവരുടെ മാനസാന്തരത്തിനായി ഒറ്റയാള്‍ പോരാട്ടം നടത്തുന്നത്. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങൾ എന്നാണ് ഫാ. ടോണി വിശേഷിപ്പിക്കുന്നത്. നിയമനിര്‍മ്മാണസഭയിൽ ജനസഭ സമ്മേളിക്കുന്ന ദിവസങ്ങളിലാണ് പ്രാർത്ഥനയ്ക്കും, ഉപവാസത്തിനുമായി ഫാ. ടോണി അവിടെ എത്തിചേരുന്നത്.

1989-ല്‍ "ഒാപ്പറേഷൻ റെസ്ക്യു" എന്ന പ്രോലെെഫ് സംഘടനയുടെ ഭാഗമായതിന് ശേഷമാണ് നിയമനിര്‍മ്മാണസഭയുടെ മുന്നില്‍ പ്രാർത്ഥനയും, ഉപവാസവും ഫാ. ടോണി ജീവിതചര്യയാക്കിയത്. ഒാപ്പറേഷൻ റെസ്ക്യുവിന്റെ നേതാവായിരുന്ന കുർട്ട് ഗെയ്ൽ എന്ന വ്യക്തിയുടെ മാതൃകയാണ് ഫാ. ടോണിയെ സ്വാധീനിച്ചത്. 1988-ല്‍ ഗര്‍ഭഛിദ്രത്തിനെ അനുകൂലിക്കുന്ന ഒരു വിധി കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായതിനു ശേഷം അതിനെതിരെ പ്രതിഷേധിക്കാൻ നിയമനിര്‍മ്മാണസഭ നിലകൊണ്ട സ്ഥലത്ത് കുർട്ട് ഗെയ്ലും മറ്റൊരു വ്യക്തിയും പതിനെട്ടു ദിവസം ഉപവസിച്ചുവെന്നാണ് ഫാ. ടോണി പറയുന്നത്.

ഗെയ്ലിന്റെ നിർദേശം കൂടി പരിഗണിച്ചാണ് ഫാ. ടോണി ഗര്‍ഭഛിദ്രത്തിനെതിരെ ഉപവാസ പ്രാര്‍ത്ഥന തുടങ്ങിയത്. ഗര്‍ഭച്ഛിദ്രം തടയാൻ സമാധാനപരമായി നടത്തിയ ചില പ്രതിഷേധങ്ങൾ ഫാ. ടോണിയുടെ അറസ്റ്റിലും കലാശിച്ചിട്ടുണ്ട്. ഭ്രൂണഹത്യയെ ശക്തമായി അനുകൂലിക്കുന്ന ജസ്റ്റിന്‍ ട്രൂഡോയുടെ നയങ്ങള്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാണെങ്കിലും ഗര്‍ഭച്ഛിദ്രത്തിനെതിരെയുളള തന്റെ ഒറ്റയാള്‍ പോരാട്ടവുമായി മുന്നോട്ട് പോകാൻ ഉറച്ചു തന്നെയാണ് ഈ വയോധിക വൈദികന്‍.


Related Articles »