News - 2025

ബ്രിട്ടനില്‍ ക്രൈസ്തവ വിശ്വാസം പുനരുജ്ജീവിപ്പിക്കുവാന്‍ പദ്ധതികളുമായി ഇംഗ്ലീഷ് സഭ

സ്വന്തം ലേഖകന്‍ 14-07-2018 - Saturday

ലണ്ടന്‍: ബ്രിട്ടനില്‍ ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളുമായി ആംഗ്ലിക്കന്‍ സഭ. തീരദേശ മേഖലകളിലും നഗരങ്ങളിലും, ഗ്രാമപ്രദേശങ്ങളിലും പുതിയ ക്രിസ്ത്യന്‍ ആരാധനാകേന്ദ്രങ്ങളും, സമൂഹങ്ങളും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 2.7 കോടി പൗണ്ടാണ് ഇംഗ്ലീഷ് സഭ ചിലവഴിക്കുവാനൊരുങ്ങുന്നത്. നിലവിലുള്ള ആറോളം ദേവാലയങ്ങളുടെ വികസനത്തിനും, അന്‍പതോളം പുതിയ വിശ്വാസകേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിനുമായി 53 ലക്ഷം പൗണ്ടാണ് ലെയ്സ്റ്റര്‍ രൂപതക്ക് ലഭിക്കുക.

കുട്ടികള്‍ക്കും, യുവാക്കള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായിട്ടായിരിക്കും മാഞ്ചെസ്റ്റര്‍, പീറ്റര്‍ബറോ രൂപതകള്‍ക്ക് ലഭിക്കുന്ന ഫണ്ട് വിനിയോഗിക്കുക. സഭയുടെ റിന്യൂവല്‍ ആന്‍ഡ്‌ റിഫോം പദ്ധതിയുടെ കീഴില്‍ ഇംഗ്ലീഷ് സഭയുടെ സ്ട്രാറ്റെജിക്കല്‍ ഡെവലപ്മെന്റ് ഫണ്ടില്‍ നിന്നും അനുവദിച്ചിരിക്കുന്ന പണമുപയോഗിച്ച് നൂറിലധികം പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാനാണ് ഇംഗ്ലീഷ് സഭ പദ്ധതിയിടുന്നത്. ഹെര്‍നെ ബേ, സിറ്റിംഗ്ബോര്‍നെ, മെയിഡ്സ്റ്റോണ്‍ എന്നിവ ഉള്‍പ്പെടെ കെന്റിലെ തീരദേശ പട്ടണങ്ങളില്‍ ഒമ്പതോളം ആരാധനാ കേന്ദ്രങ്ങള്‍ പുതുതായി നിര്‍മ്മിക്കും.

ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള പ്ലിമൗത്തില്‍ മൂന്ന്‍ പുതിയ ദേവാലയങ്ങളാണ് വരുവാന്‍ പോകുന്നത്. റെയില്‍വേ ജോലിയുമായി ബന്ധപ്പെട്ടു കഴിയുന്നവര്‍ക്കായി സ്വിണ്ടനിലും പുതിയൊരു ദേവാലയം നിര്‍മ്മിക്കുന്നുണ്ട്. കച്ചവട തിരക്കേറിയ പട്ടണങ്ങളിലും ഫണ്ടുപയോഗിച്ച് പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കും. ഇതിനു പുറമേ വിവിധ സ്ഥലങ്ങളില്‍ നിലവിലുള്ള പദ്ധതികളുടെ നടത്തിപ്പിനും, ദേവാലയങ്ങളുടെ വികസനത്തിനുമായി ഫണ്ടില്‍ നിന്നും നല്ലൊരു തുക വകയിരുത്തിയിട്ടുണ്ട്. സമൂഹത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ് ദേവാലയങ്ങളെന്ന് കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു.


Related Articles »