News - 2025

പുരോഹിതരാകുന്നതിന് നിബന്ധനകളുമായി റുവാണ്ടന്‍ സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ 17-07-2018 - Tuesday

നെയ്റോബി, (കെനിയ): കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ഏഴുനൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചുപൂട്ടിയതിനു പിന്നാലെ മത പുരോഹിതരെ തടയുവാനായി സര്‍ക്കാര്‍ പുതിയ നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്നു. പുരോഹിതര്‍ക്ക് ഏറ്റവും ചുരുങ്ങിയത് സര്‍വ്വകലാശാല ബിരുദവും, മതപഠനത്തിലുള്ള അംഗീകൃത സര്‍ട്ടിഫിക്കേറ്റും ആവശ്യമാണെന്ന് പുതിയ നിയമമനുശാസിക്കുന്നു. വംശഹത്യാപരമായ കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടിട്ടുള്ളവര്‍ക്കും, അത്തരം ആശയങ്ങളെ പിന്തുണക്കുന്നവര്‍ക്കും പുരോഹിതരാകുവാന്‍ വിലക്കുമുണ്ട്. വിശ്വാസികളില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് തടയുവാന്‍ ഇതുകൊണ്ട് സാധിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

പ്രസിഡന്റ് പോള്‍ കഗാമെയുടെ കാര്യാലയത്തിലെ മന്ത്രിയായ ജൂഡിത്ത് ഉവിസെയെയാണ് പുതിയനിയമത്തിന്റെ കരടുരേഖ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഭൂരിപക്ഷം പാര്‍ലമെന്റംഗങ്ങളും നിയമത്തെ പിന്തുണക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ റുവാണ്ടയില്‍ ആര്‍ക്ക് വേണമെങ്കിലും സഭ തുടങ്ങാവുന്ന രീതിയിലാണ് കാര്യങ്ങളെന്ന് ജൂഡിത്ത് ഉവിസെ പറഞ്ഞു. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസ-സംഘടനകള്‍ സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദേവാലയങ്ങളുമായി ബന്ധപ്പെട്ട ചില സംഘടനകള്‍ അപകടകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റുവാണ്ടയിലെ ലൂഥറന്‍ വിഭാഗ അംഗമായ ഇവാലിസ്റ്റര്‍ മുഗാബോ ഇതിനോടകം സമ്മതിച്ചിട്ടുണ്ട്.

വിശ്വാസികളുടെ ജീവന് തന്നെ ഭീഷണിയാകുന്നുവെന്ന കാരണം പറഞ്ഞ് നൂറോളം ക്രിസ്ത്യന്‍ ദേവാലയങ്ങളും ഡസന്‍ കണക്കിന് മുസ്ലീം പള്ളികളുമാണ് ഈ വര്‍ഷം റുവാണ്ടന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ബാറുകളും, നൈറ്റ്ക്ലബ്ബുകളും അടച്ചുപൂട്ടാതെ ദേവാലയങ്ങളെ ലക്ഷ്യം വെക്കുന്നതെന്ന് ചോദിച്ചുകൊണ്ട് ചില പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം മതനേതാക്കളും സര്‍ക്കാര്‍ നീക്കത്തെ പിന്തുണക്കുകയാണ്.


Related Articles »