News - 2025

മിഷ്ണറീസ് ഓഫ് ചാരിറ്റിക്കു നേരെയുള്ള കേന്ദ്ര നിലപാടില്‍ പ്രതിഷേധം വ്യാപകമാകുന്നു

സ്വന്തം ലേഖകന്‍ 19-07-2018 - Thursday

ന്യൂഡല്‍ഹി: മിഷ്ണറീസ് ഓഫ് ചാരിറ്റിസിന്റെ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ മാത്രം പരിശോധിക്കാനുള്ള കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ നിര്‍ദ്ദേശത്തെ അപലപിച്ച് ദേശീയ നേതാക്കള്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ബിജെപി ലോക്‌സഭ എംപി ജോര്‍ജ് ബേക്കര്‍, പ്രഫ. കെ.വി. തോമസ് എംപി, ജോസ് കെ. മാണി എംപി, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, ജോയ്‌സ് ജോര്‍ജ് എംപി തുടങ്ങീ നിരവധി പ്രമുഖര്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് പ്രതികരിച്ചു.

മദര്‍ തെരേസയുടെയും മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളെ വലിയ മതിപ്പോടെയും ആദരവോടെയുമാണ് രാജ്യവും ലോകവും വിലയിരുത്തുന്നതെന്നും മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അത്തരമൊരു സമൂഹത്തെ അവഹേളിക്കാനും അവര്‍ക്കെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും പ്രതിഷേധാര്‍ഹമാണെന്ന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജുഡീഷല്‍ നടപടികള്‍ നടക്കുന്നതിനിടെ മിഷനറീസ് ഓഫ് ചാരിറ്റീസിനെ മാത്രം തെരഞ്ഞെടുപിടിച്ച് ഉത്തരവിറക്കുന്ന നടപടിയെ സംശയത്തോടെയേ കാണാനാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിഷ്ണറീസ് ഓഫ് ചാരിറ്റീസിന്റെ മഹനീയ പ്രവൃത്തികളെ അധിക്ഷേപിക്കാനും ഒറ്റപ്പെടുത്തി ആക്രമിക്കാനുമുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും ഇക്കാര്യം ഇന്നുതന്നെ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിനു കീഴില്‍ ആര്‍ക്കും രക്ഷയില്ലെന്നുള്ളതിനുള്ള തെളിവാണ് പുതിയ സംഭവവികാസങ്ങളെന്നും അദ്ദേഹം പറഞ്ഞു.

മദര്‍ തെരേസയുടെ അനുയായികള്‍ തെറ്റായ എന്തെങ്കിലും ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയോ അത്തരമൊരു പരിശീലനം നല്‍കുകയോ ചെയ്യില്ലായെന്നും കുട്ടിക്കടത്തു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ശിശുസംരക്ഷണ കേന്ദ്രങ്ങളേക്കുറിച്ചും അന്വേഷണം നടത്തുകയാണ് കേന്ദ്രമന്ത്രി ചെയ്യേണ്ടതെന്നും ബിജെപി ലോക്‌സഭ എംപിയും കൊല്‍ക്കത്തയില്‍ നിന്നുള്ള ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയുമായ ജോര്‍ജ് ബേക്കര്‍ പറഞ്ഞു. മിഷ്ണറീസ് ഓഫ് ചാരിറ്റീസിനെ അപമാനിക്കുന്ന വിധത്തില്‍ കേന്ദ്രത്തിലെയും ജാര്‍ഖണ്ഡിലെയും ബിജെപി സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നായിരിന്നു പ്രഫ. കെ.വി. തോമസ് എംപിയുടെ പ്രതികരണം.

രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന നല്കി ആദരിച്ച മദര്‍ തെരേസ സ്ഥാപിച്ച സന്യാസിനീ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതിനുവേണ്ടി നടത്തുന്ന പ്രവര്‍ത്തതനങ്ങള്‍ സാമൂഹ്യ ആതുര സേവന രംഗത്ത് മികച്ച സംഭാവനകള്‍ നല്കുന്ന ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിക്കുന്നതിനുള്ള നടപടിയായി കാണണമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എംപി പറഞ്ഞു.

മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് പുറത്തുള്ള ഏതെങ്കിലും വ്യക്തികളുടെ വീഴ്ചയുടെയോ തെറ്റിന്റെയോ മറവില്‍ സമൂഹത്തിനെതിരെ കഥകളും കെട്ടുകഥകളും നുണകളും പ്രചരിപ്പിച്ച് അവഹേളിക്കാനുള്ള നീക്കം തീര്‍ത്തും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും ലോകം ആരാധിക്കുന്ന മദര്‍ തെരേസയുടെ പിന്‍ഗാമികളെ ഒറ്റതിരിഞ്ഞ് അവഹേളിക്കാന്‍ ശ്രമിക്കുന്നതു പൊറുക്കാനാകില്ലായെന്നും ജോസ് കെ. മാണി എംപിയും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ സമൂഹത്തിനെതിരേ നടക്കുന്ന നിരന്തര കടന്നാക്രമണങ്ങളുടെ തുടര്‍ച്ചയാണ് മിഷ്ണറീസ് ഓഫ് ചാരിറ്റീസിനെതിരേയുള്ള ദുരാരോപണങ്ങളും നടപടികളുമെന്ന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയും പിന്തുണയും ഉള്ളതുകൊണ്ടാണ് ഏകപക്ഷീയമായ അക്രമങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ചിലര്‍ മുതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Related Articles »