India - 2024

ദുരിത മേഖലയില്‍ ചങ്ങനാശേരി അതിരൂപത നടപ്പാക്കിയത് ഒരുകോടിയിലേറെ രൂപയുടെ പ്രവര്‍ത്തനങ്ങള്‍

സ്വന്തം ലേഖകന്‍ 24-07-2018 - Tuesday

ചങ്ങനാശേരി: കോട്ടയം ആലപ്പുഴ ജില്ലകളിലെ പ്രളയ ദുരിത മേഖലകളില്‍ ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തതുള്‍പ്പെടെ ചങ്ങനാശേരി അതിരൂപത നടപ്പാക്കിയത് ഒരുകോടിയിലേറെ രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍. വെള്ളപ്പൊക്ക ദുരിതം ആരംഭിച്ച ദിവസങ്ങളില്‍ തന്നെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തില്‍ അതിരൂപത സഹായ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ടായിരിന്നു. മാര്‍ ജോസഫ് പെരുന്തോട്ടം, സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി വെള്ളപ്പൊക്കമേഖലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരികയാണ്.

ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്‍പത് ടണ്‍ അരി, പത്ത് ടണ്‍ പയര്‍, മൂന്ന് ടണ്‍ പഞ്ചസാര, നാല് ടണ്‍ ആട്ട തുടങ്ങിയ അവശ്യവസ്തുക്കളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്. രണ്ടാംഘട്ടമായി അയ്യായിരം പായ്ക്കറ്റ് പാല്‍, ആറായിരത്തോളം പായ്ക്കറ്റ് ബ്രഡ്, വിവിധ ഇടവകകളില്‍ നിന്നു സമാഹരിച്ച ഭക്ഷണ പൊതികള്‍ തുടങ്ങിയവ വിതരണം ചെയ്തു.

ആലപ്പുഴ, പുളിങ്കുന്ന്, ചന്പക്കുളം, എടത്വാ ഫൊറോനകളിലെ 76 ഇടവകപരിധികളിലെ നാനാജാതി മതസ്ഥരായ ഒരുലക്ഷത്തോളം കുടുംബങ്ങളില്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യവിഭവങ്ങളും ബഡ്ഷീറ്റ്, മുണ്ട്, തോര്‍ത്ത്, നൈറ്റി തുടങ്ങിയ വസ്ത്രങ്ങളും വിതരണം ചെയ്തു. കുട്ടനാട്ടിലെ വിവിധ ഇടവകകളിലെ വൈദികരും സന്നദ്ധസംഘടനാ പ്രതിനിധികളും ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും ദുരിതമേഖലയിലെ വീടുകളില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കുകയാണ്. അടുത്ത ഞായറാഴ്ച അതിരൂപതയിലെ വിവിധ ഇടവകകളില്‍ വിശുദ്ധകുര്‍ബാന മധ്യേ സ്വീകരിക്കുന്ന സ്‌തോത്രക്കാഴ്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം സര്‍ക്കുലറിലൂടെ അറിയിച്ചിട്ടുണ്ട്.


Related Articles »