News - 2025
സ്ലോവേനിയയിൽ ദുരിതബാധിതർക്ക് കൈത്താങ്ങായി കത്തോലിക്ക സഭ
പ്രവാചകശബ്ദം 12-08-2023 - Saturday
ലൂബിയാന: യൂറോപ്യൻ രാജ്യമായ സ്ലോവേനിയയിൽ വെള്ളപ്പൊക്ക ദുരന്തത്തിനു ഇരയായവര്‍ക്ക് സഹായവുമായി കത്തോലിക്ക സഭ. അടിയന്തരസഹായമായി ഏകദേശം 75,000 യൂറോയുടെ സഹായമാണ് സ്ലോവേനിയൻ മെത്രാൻ സമിതി ഭരണാധികാരികൾക്കു കൈമാറിയത്. ഇതോടൊപ്പം സഭയുടെ ഔദ്യോഗിക സന്നദ്ധ സംഘടനയായ കാരിത്താസും ആളുകൾക്ക് സഹായമെത്തിക്കുന്നതിനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. വിവിധ രൂപതകളും യുവജന സംഘടനകളും സംയുക്തമായ ഇടപെടല്‍ തുടരുകയാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഏല്‍പ്പിച്ച കനത്ത ആഘാതത്തില്‍ ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സ്ലോവേനിയൻ ജനത ഭക്ഷ്യവസ്തുക്കളുടെയും, ശുചിത്വ വസ്തുക്കളുടെയും അഭാവം നേരിടുന്നുണ്ട്.
സാമ്പത്തിക സഹായങ്ങൾക്കു പുറമെ ദുരിതബാധിത പ്രദേശങ്ങളിലേക്കു മെത്രാന്മാര്‍ സന്ദര്‍ശനം നടത്തി സന്നദ്ധ സേവനങ്ങള്‍ ഉറപ്പുവരുത്തുകയാണ്. നാളെ ആഗസ്റ്റ് പതിമൂന്നാം തീയതി ഞായറാഴ്ച ദേവാലയങ്ങളിലെ സ്തോത്രക്കാഴ്ച പൂർണ്ണമായും ദുരിതബാധിതർക്കുള്ള കൈത്താങ്ങായി ഉപയോഗപ്പെടുത്തുമെന്നും മെത്രാൻ സമിതി അറിയിച്ചിട്ടുണ്ട്. യുവജന സംഘടനയായ "യംഗ് കാരിത്താസ്" ൽ നിന്നുള്ള നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ ദുരിതബാധിത പ്രദേശങ്ങളിൽ താമസിച്ചുക്കൊണ്ടാണ് സേവനം തുടരുന്നത്. പരസ്‌പരം സഹായിക്കുന്ന ആളുകൾ തമ്മിലുള്ള ഐക്യദാർഢ്യം ഈ ദുഷ്‌കരമായ നിമിഷത്തിൽ വലിയ പ്രത്യാശ പകരുകയാണെന്നു മെത്രാന്മാർ പ്രത്യാശ പ്രകടിപ്പിച്ചു.