News - 2024

ഇറാഖില്‍ വംശഹത്യ നേരിടുന്ന ക്രൈസ്തവർക്ക് സഹായ പദ്ധതിയുമായി അമേരിക്ക

സ്വന്തം ലേഖകന്‍ 27-07-2018 - Friday

വാഷിംഗ്ടൺ: ഇറാഖില്‍ വംശഹത്യ നേരിടുന്ന ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് സഹായം ലഭ്യമാക്കുവാന്‍ പദ്ധതിയുമായി അമേരിക്ക. ആഗോള തലത്തില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി അമേരിക്കന്‍ സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച ത്രിദിന ഉന്നത തല യോഗത്തില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണ് ഇക്കാര്യം വിവരിച്ചത്. അഭയാർത്ഥികൾക്ക് സ്വദേശത്ത് മടങ്ങിയെത്താനും സമാധാനപരമായ ജീവിതം നയിക്കാനും വഴിയൊരുക്കുന്ന പദ്ധതിയാണ് അമേരിക്ക വിഭാവനം ചെയ്തിരിക്കുന്നത്. ഇറാഖിൽ ആരംഭിക്കുന്ന പദ്ധതി മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നും ഭാവിയില്‍ മതപരമായ വിവേചനം തടയുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി പെൻസ് കൂട്ടിച്ചേർത്തു.

2014 മുതൽ ഇറാഖിലെ ഐഎസ് തീവ്രവാദികൾ ആക്രമണത്തിൽ ഭവനരഹിരും അഭയാർത്ഥികളുമായ ക്രൈസ്തവ യസീദി സമൂഹങ്ങളുടെ പുനരധിവാസത്തിന് മുൻതൂക്കം നല്‍കും. തീവ്രവാദികളിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകൾ മാനസികമായും ശാരീരികമായും അനുഭവിച്ച പീഡനങ്ങൾ ഏറെയാണ്. ടർക്കിയിൽ തടവിൽ കഴിയുന്ന അമേരിക്കൻ സുവിശേഷകൻ പാസ്റ്റർ ആൻഡ്രൂ ബ്രുൺസണിനെ മോചിപ്പിക്കാത്ത പക്ഷം ശക്തമായ തിരിച്ചടി നേരിടുമെന്നും പെൻസ് മുന്നറിയിപ്പ് നല്കി. വീട്ടുതടങ്കലിൽ കഴിയുന്ന പാസ്റ്റർ ബ്രുൺസിനു വേണ്ടി പ്രാർത്ഥിക്കുവാനും അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യത്തിനായി പ്രത്യേക വിദേശനയം തയ്യാറാക്കുന്നതായും ഇറാഖിനെ കൂടാതെ ഇറാൻ, റഷ്യ, ചൈന, ഉത്തര കൊറിയ എന്നിവിടങ്ങളിലെയും മതമർദ്ധനതോത് വർദ്ധിക്കുന്നതായും അദ്ദേഹം വിലയിരുത്തി.

മധ്യഅമേരിക്കൻ രാഷ്ട്രമായ നിക്കരാഗ്വയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ദേവാലയത്തിനും പുരോഹിതർക്കും നേരെ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പോലീസിന്റെ അക്രമം ഖേദകരമാണ്. നിക്കരാഗ്വയിലെ ഭരണാധികാരികൾക്കും രാജ്യത്തെ ക്രൈസ്തവ ജനതയ്ക്കും പ്രത്യേകം പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകജനതയുടെ എൺപത്തിമൂന്ന് ശതമാനവും താമസിക്കുന്ന രാജ്യങ്ങളിൽ മതസ്വാതന്ത്ര്യത്തിന് ഭീഷണി നിലനിൽക്കുന്നു. സൃഷ്ടാവായ ദൈവമാണ് യഥാർത്ഥ സ്വാതന്ത്ര്യം നല്കുന്നത്. അത് എല്ലാ മനുഷ്യർക്കും പ്രാപ്തവുമാണ്. ദേശ നിവാസികള്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുവിൻ എന്ന ലേവ്യരുടെ പുസ്തകത്തിലെ വചനം ഉദ്ധരിച്ചു കൊണ്ടാണ് പെൻസിന്റെ പ്രസംഗം സമാപിച്ചത്.


Related Articles »