India - 2024

പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കെസിബിസി നിവേദനം സമര്‍പ്പിച്ചു

സ്വന്തം ലേഖകന്‍ 29-07-2018 - Sunday

കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ ശുപാര്‍ശ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കെസിബിസി നിവേദനം സമര്‍പ്പിച്ചു. ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കേസ് ഇപ്പോഴും അന്വേഷണഘട്ടത്തിലാണെന്നും പോലീസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്‌പോള്‍ തന്നെ നിഗമനങ്ങളില്‍ എത്തിച്ചേരുകയെന്നതു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ സംബന്ധിച്ചിടത്തോളം തികച്ചും അനുചിതവും അപക്വവുമാണെന്നും നിവേദനത്തില്‍ പറയുന്നു.

പരാതി സത്യമാണെന്നു കാണുകയും ഒരു ദ്രോഹം സംഭവിച്ചതായി സ്ഥാപിക്കപ്പെടുകയും ചെയ്താല്‍ കുറ്റവാളിക്ക് ഈ രാജ്യത്തിന്റെ നിയമമനുസരിച്ച് കഠിനവും മാതൃകാപരവുമായ ശിക്ഷ നല്കണം. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കോടതിയുടെ ജോലിയിലേക്കു കടന്നുകയറുന്നത് അനുവദിക്കരുത്. കുറ്റാരോപണം ആത്യന്തികമായി തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരേ സഭയുടെ നിയമമനുസരിച്ച് അവര്‍ ഉള്‍പ്പെടുന്ന സഭകളും നടപടി സ്വീകരിച്ചുകൊള്ളും. പോലീസിന്റെ അന്വേഷണത്തെ ഇന്ത്യയിലെ ഒരു സഭയും എതിര്‍ക്കുകയോ തടയുകയോ ചെയ്തിട്ടില്ല.

നേരേമറിച്ച് കേസിന്റെ അന്വേഷണത്തില്‍ സഹായിക്കാമെന്നും സഹകരിക്കാമെന്നും സഭയുടെ അധികാരികള്‍ ഉറപ്പുനല്കിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ െ്രെകസ്തവ വിശ്വാസത്തെയും വിശ്വാസാഭ്യസനത്തെയും നിന്ദിച്ചു കേരളത്തില്‍ പത്രസമ്മേളനം നടത്താന്‍ കമ്മീഷന്‍ അധ്യക്ഷ ധൃതി കാണിച്ചതെന്തിന്. ക്രിസ്തീയ സഭകളെയും അവയുടെ മതാഭ്യസനങ്ങളുടെ പ്രതിച്ഛായയെയും താറടിച്ചു കാണിക്കുകയെന്ന നിഗൂഢലക്ഷ്യം വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് ഉണ്ടായിരുന്നതായി അവരുടെ പ്രവൃത്തിയും പെരുമാറ്റവും തോന്നിപ്പിക്കുന്നുവെന്നും നിവേദനത്തില്‍ പറയുന്നു.


Related Articles »